JHL

JHL

പബ്ലിക് ഹെൽത്ത് ലബോറട്ടറി 6 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും.

കാസർകോട്(www.truenewsmalayalam.com) : ‌ആരോഗ്യവകുപ്പ് ജില്ലയ്ക്ക് അനുവദിച്ച പബ്ലിക് ഹെൽത്ത് ലബോറട്ടറി 6 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും. ‌‌‌‌വിദ്യാനഗറിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിനു സമീപത്താണു ലബോറട്ടറി കെട്ടിടം നിർമിച്ചിരിക്കുന്നത്. ബഹുനില കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ജീവനക്കാരുടെ നിയമനം നടക്കാനുണ്ട്.

ഉപകരണങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ ലാബിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയൂ. 20 ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനുള്ള നിർദേശം ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങാനുള്ള തുകയും ഇതുവരെ അനുവദിച്ചിട്ടില്ല. ഇവ രണ്ടിനും പെട്ടെന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

2019 ലാണു ജില്ലയിൽ ലബോറട്ടറി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ കോവിഡ് കാരണം കെട്ടിടം പണി ഉദ്ദേശിച്ച സമയത്തു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒന്നേകാൽ കോടി രൂപ ചെലവിലാണു മരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കെട്ടിടം നിർമിച്ചത്. സംസ്ഥാനത്തെ പത്താമത് പബ്ലിക് ഹെൽത്ത് ലാബാണ് ഇവിടെ തുടങ്ങാൻ പോകുന്നത്.

പ്രയോജനം ഇങ്ങനെ

ലാബിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ ചെറിയ പരിശോധനകൾക്കു പോലും സ്വകാര്യലാബുകളെ ആശ്രയിക്കേണ്ട ഗതികേടിൽ നിന്നു രോഗികൾക്കു മോചനമാകും. പ്രാഥമിക പരിശോധനകളെല്ലാം ലാബിൽ ലഭിക്കും. തുടക്കത്തിൽ പ്രധാനമായും ക്ലിനിക്കൽ പത്തോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി വിഭാഗങ്ങളിലുള്ള പരിശോധനകളാകും ഒരുക്കുക. കോവിഡ് ആർടിപിസിആർ പരിശോധന ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.





No comments