JHL

JHL

യുഡിഎഫ് ജില്ലാ നേതൃസംഗമങ്ങൾക്ക് കാസർകോട്ട് തുടക്കം.

കാസർകോട്(www.truenewsmalayalam.com) : ജില്ലകളിലെ മുൻ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താനും ഭാവി സമര പരിപാടികൾ തീരുമാനിക്കാനും യുഡിഎഫ് സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരം നടത്തുന്ന ജില്ലാ നേതൃസംഗമങ്ങൾക്ക് കാസർകോട്ട് തുടക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫിനെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറ്റുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികൾ എല്ലാം അവരവരുടെ സംഘടന ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിലാണ്‌. ഇതിനു വേണ്ട എല്ലാ പിന്തുണയും കോൺഗ്രസ് നൽകുന്നു. 

വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും അതു കഴിഞ്ഞുള്ള നിയമസഭ തിരഞ്ഞെടുപ്പും വരുമ്പോഴേയ്ക്കും യുഡിഎഫിനെ കേരളത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റും. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും യുഡിഎഫിന്റെ ഭാഗമാക്കും. വർഗീയത പ്രോത്സാഹിപ്പിക്കുന്നവരുമായി ഒരു ബന്ധവും ഉണ്ടാകില്ല. മോദി ഭരണത്തിൽ സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി, കാർഷിക മേഖലയിലെ തകർച്ച എന്നിവ ജനജീവിതത്തെ താറുമാറാക്കി.

പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അംബാനി, അദാനിമാർക്ക് പൊതുമേഖല സ്ഥാപനങ്ങൾ തീറെഴുതി കൊടുത്തു. സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായി. എല്ലാ മേഖലയിലും സംഘ് പരിവാർ അജൻ‌‍ഡ നടപ്പിലാക്കാൻ വേണ്ടി മാത്രമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലാവട്ടെ ഏകാധിപത്യ ഭരണമാണ്. ഭരണത്തിൽ എന്ത് സംഭവിക്കുന്നുവെന്നു പോലും മന്ത്രിമാർ അറിയുന്നില്ല. മന്ത്രിസഭയിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രിമാർ അറിയുന്നില്ലെങ്കിൽ രാജിവച്ച് പുറത്ത് വരികയാണ് വേണ്ടത്.  യുഡിഎഫ് എന്നും സാധാരണക്കാരന്റെ ശബ്ദമായി നിയമസഭക്കകത്തും പുറത്തും പോരാടും.–വി.ഡി.സതീശൻ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എം.എം. ഹസ്സൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി., എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ഡിസിസി. പ്രസിഡന്റ് പി.കെ. ഫൈസൽ, യുഡിഎഫ് ജനറൽ കൺവീനർ എ.ഗോവിന്ദൻ നായർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, എം.പി. ജോസഫ്, ഹരീഷ് പി. നമ്പ്യാർ, സി.എസ്.തോമസ്, പി.കെ. രവീന്ദ്രൻ, സലിം പി. മാത്യു, ടി. മനോജ് കുമാൻ, സി.കെ.സാജൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കല്ലട്ര മാഹിൻ ഹാജി, എം.സി.കമറുദ്ദീൻ, വി.കെ.പി.ഹമീദലി എന്നിവർ പ്രസംഗിച്ചു.





No comments