JHL

JHL

കുഡ‌്‌ലു ബാങ്കിൽ നിന്നു മോഷ്ടിക്കപ്പെട്ട പണയ സ്വർണം ഇടപാടുകാർക്കു തിരികെ നൽകിത്തുടങ്ങി.

കാസർകോട്(www.truenewqsmalayalam.com) : ‘വല്ലാത്ത പരിഭ്രാന്തി ആയിരുന്നു, 6 വർഷം മുൻപ് ബാങ്കിൽ പണയം വച്ച സ്വർണം കൊള്ളയടിച്ചു എന്ന വാർത്ത കേട്ടപ്പോൾ. ദിവസങ്ങൾക്കകം അതു പൊലീസ് കണ്ടെടുത്തതോടെയാണ് സമാധാനമായത്. എന്നാൽ കോടതിയിൽ നൽകിയ സ്വർണം ഇടപാടുകാർക്കു വിട്ടു കിട്ടാൻ കേസ് കഴിയുന്നതുവരെ കാത്തു നിൽക്കണമെന്നു കേട്ടപ്പോൾ, എന്നു കിട്ടുമെന്ന ആധിയായി. ഇപ്പോൾ നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വർണം ഒന്നും സംഭവിക്കാതെ ബാങ്കിൽ നിന്നു അതേ പാക്കറ്റിൽ തിരിച്ചു കിട്ടിയപ്പോൾ സന്തോഷം.’ തന്റെ പണയ സ്വർണം തിരികെ വാങ്ങി എരിയാൽ സ്വദേശി ഉമൈറാബാനു പറഞ്ഞു.
ആശങ്കകൾക്കു വിരാമമിട്ട് കുഡ‌്‌ലു സർവീസ് സഹകരണ ബാങ്കിൽ നിന്നു മോഷ്ടിക്കപ്പെട്ട പണയ സ്വർണം ഇന്നലെ ഇടപാടുകാർക്കു തിരികെ നൽകിത്തുടങ്ങി. ടോക്കൺ നൽകിയാണ് വിതരണം. ഇടപാടുകാരുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ കമ്മിറ്റി പ്രത്യേക ഹെൽപ് ഡെസ്കും ഏർപ്പെടുത്തിയിരുന്നു. 455 ഇടപാടുകാർക്ക് വ്യത്യസ്ത ദിവസങ്ങളിൽ പണയ സ്വർണം വാങ്ങുന്നതിനു നിശ്ചിത തീയതി അനുവദിച്ചു ടോക്കൺ നൽകി. ദിവസം 20 പേർക്കു എന്ന തോതിലാണ് സ്വർണം നൽകുന്നത്.

സ്വർണം നഷ്ടമായത് 905 പേർക്ക് തിരികെ നൽകുന്നത് 455 പേർക്ക്


2015 സെപ്റ്റംബർ 7നു പട്ടാപ്പകൽ ജീവനക്കാരെ കെട്ടിയിട്ട് 17.68 കിലോഗ്രാം സ്വർണാഭരണങ്ങളും 12.5 ലക്ഷം രൂപയുമാണു കൊള്ളയടിച്ചത്. അതിൽ 12.15 ലക്ഷം രൂപയും ആഭരണങ്ങൾ കവർന്ന ശേഷം ഉരുക്കി കട്ടി ആക്കിയത് ഉൾപ്പെടെ 15.860 കിലോഗ്രാം പണയ സ്വർണവും ആണ് പ്രതികളിൽ നിന്നു പൊലീസ് കണ്ടെടുത്തത്. 905 ഇടപാടുകാരുടെ പാക്കറ്റുകളിൽ പൊട്ടിക്കാതെ തിരിച്ചു കിട്ടിയ 455 ഇടപാടുകാരുടെ സ്വർണാഭരണങ്ങളാണ് ഇന്നലെ നൽകിത്തുടങ്ങിയത്. 2015ൽ കൊള്ള നടന്ന ദിവസം വരെയുള്ള പലിശ ഈടാക്കിയാണ് തിരിച്ചു നൽകുന്നത്.

ബാക്കിയുള്ളവർക്ക് ഇൻഷുറൻസ് തുക അനുവദിക്കും

പൊട്ടിക്കാതെ പാക്കറ്റുകളിൽ ഉള്ള 455 ഇടപാടുകാരുടെ സ്വർണം ഉടമകൾക്കു നൽകിയ ശേഷമായിരിക്കും മറ്റുള്ള ഇടപാടുകാർക്കുള്ള ബാധ്യത പരിഹരിക്കാൻ ബാങ്ക് നടപടികൾ തുടരുക. കിട്ടിയ തൊണ്ടി മുതലിൽ 320 ഗ്രാം ഉരുക്കിയ നിലയിലാണ്. ഇവ കൂടുതൽ പരിശോധനയും തുടർ നടപടികളും കഴിഞ്ഞായിരിക്കും ഇടപാടുകാർക്കു നൽകുന്നതിനു തീരുമാനം ഉണ്ടാകുക.

2 മാസത്തിനകം മുഴുവൻ ഇടപാടുകാ‍ർക്കും കൊടുത്തു തീർക്കാനുള്ള നടപടികളിലാണ് അധികൃതർ. 1.824 കിലോഗ്രാം സ്വർണം കണ്ടു കിട്ടിയിട്ടില്ല. ഈ ഇടപാടുകാർക്ക് ഇൻഷുർ തുക അനുവദിക്കും എന്നാണു ബാങ്ക് അധികൃതർ അറിയിച്ചിട്ടുള്ളത്. 2015ൽ കൊള്ള നടന്ന കാലത്തുള്ള സ്വർണ വില അനുസരിച്ചാകും ഇവർക്ക് ഇൻഷുറൻസ് തുക നൽകുക.

‘2001 ലെ കവർച്ച: സ്വർണം കിട്ടാ‍ൻ നിയമ നടപടി തുടരും’

കുഡ്‍ലു സർവീസ് സഹകരണബാങ്കിൽ 2001ൽ നടന്ന കവർച്ചയിൽ കണ്ടു കിട്ടാത്ത പണയ സ്വർണമോ നഷ്ടപരിഹാരമോ ഉടമകൾക്ക് ഇതുവരെ കിട്ടാത്ത പ്രശ്നം പരിഹരിക്കാൻ നിയമ നടപടിയുമായി പോകുമെന്ന് കുഡ്‍ലു സർവീസ് സഹകരണ ബാങ്ക് ആക്​ഷൻ കമ്മിറ്റി ജനറൽ കൺവീനർ ഖലീൽ എരിയാൽ അറിയിച്ചു.

2015ൽ നടന്ന കവർച്ചയിൽ പൊലീസ് കണ്ടെടുത്തു കോടതിയിൽ നൽകിയ സ്വർണം വിട്ടു കിട്ടുന്നതി‍ൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ 2017ലാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീൽ ചെയർമാനായി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. കോടതിയിൽ നിന്നു ബാങ്കിനു വിട്ടു കിട്ടിയ സ്വർണം ഉൾപ്പെടെ ഇടപാടുകാർക്കു നൽകുന്നതിനു എല്ലാ സഹായവും നൽകുമെന്നു ഖലീൽ അറിയിച്ചു.

പൊലീസിന്റെ ഇടപെടൽ, കോടതിയുടെ അപൂർവ വിധി

പൊലീസ് കണ്ടെടുത്തു കോടതിയിൽ സമർപ്പിച്ച പണയ സ്വർണം ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടിയാണ് 6 വർഷത്തിനകം ബാങ്കിനു തിരികെ ലഭിച്ചത്. കേസ് വിചാരണയിൽ ഇരിക്കെ തന്നെ ഫോട്ടോ ആൽബം, സിഡി തുടങ്ങിയവ പകരം വച്ച് തൊണ്ടി മുതൽ കോടതിയിൽ നിന്നു ബാങ്കിനു കൈമാറാം എന്ന ഹൈക്കോടതിയുടെ അപൂർവ വിധി ആണു ബാങ്കിനും ഇടപാടുകാർക്കും തുണയായത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, ജോലി തുടങ്ങിയവയ്ക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സ്വർണം പണയം വച്ച് ബാങ്ക് വായ്പ വാങ്ങിയവർക്ക് തങ്ങളുടെ സ്വർണം കവർച്ച ചെയ്തുവെന്ന് അറിഞ്ഞതോടെ ഇനി അത് തിരിച്ചു കിട്ടാൻ കേസ് തീരുന്നതു വരെ കാത്തു നിൽക്കേണ്ടി വരുമെന്നത് ഇടിത്തീയായിരുന്നു. ഇടപാടുകാരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലും പണയ മുതൽ ഉടൻ തിരിച്ചു കിട്ടാൻ ഉന്നത നീതിപീഠത്തിന്റെ ഉത്തരവും ഇവർക്ക് ആശ്രയമായി.

സ്വർണം കൊള്ളയടിച്ചപ്പോൾ അതുപോയി എന്നു തന്നെയാണു വിചാരിച്ചത്. 20 വർഷം മുൻപ് ഇതേ ബാങ്കിൽ നടന്ന കവർച്ചയിൽ ഇന്നും പണയ സ്വർണം തിരിച്ചു കിട്ടാത്തവരുണ്ട്. 2015ൽ കൊള്ളയടിച്ച സ്വർണം കേസിന്റെ വിചാരണ തീരും മുൻപ് തന്നെ 6 വർഷത്തിനകം തിരിച്ചു കിട്ടുന്നുവെന്നറിഞ്ഞപ്പോൾ ആശ്വാസവും സന്തോഷവുമായി. പണയം വച്ച സ്വർണം ബാങ്കിൽ നിന്നു വാങ്ങുന്നതിനുള്ള സ്ലിപ്പ് കിട്ടി. ഇത്രയും എത്തിയത് ഭാഗ്യം.

മുഹമ്മദ് ബഷീർ എരിയാൽ

നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വർണം ഒന്നും സംഭവിക്കാതെ ബാങ്കിൽ നിന്ന് അതേ പാക്കറ്റിൽ തിരിച്ചു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എ.ജലീലിന്റെ നേതൃത്വത്തിൽ ആക്​ഷൻ കമ്മിറ്റി രൂപീകരിച്ച് ബാങ്കിനു മുൻപിൽ സമരം നടത്തിയിരുന്നു. അതിൽ ഞാനും മുൻനിരയിൽ ഉണ്ടായിരുന്നു. ഇടപാടുകാർക്കു സ്വർണം തിരിച്ചു കിട്ടിയത് ആക്‌ഷൻ കമ്മിറ്റിയും ബാങ്ക് സെക്രട്ടറി സച്ചിദാനന്ദനും നടത്തിയ കഠിന പരിശ്രമത്തിന്റെ വിജയമാണ്.

ഉമൈറാബാനു എരിയാൽ





No comments