JHL

JHL

വിദ്യാർഥിയെക്കൊണ്ടു പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന് എംഎസ്എഫ്; കേസ് കൊടുക്കാതിരിക്കാൻ വിദ്യാർഥി സ്വയം തന്റെ കാലിൽ വീഴുകയുമായിരുന്നു എന്നു പ്രിൻസിപ്പൽ

 

കാസർകോട് (www.truenewsmalayalam.com): ഗവ. കോളജിൽ വിദ്യാർഥിയെക്കൊണ്ടു പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന് എംഎസ്എഫ്. എന്നാൽ വിദ്യാർഥി മാസ്കിടാത്തതു ചോദ്യം ചെയ്തതിനു തന്നെ അടിക്കാൻ ശ്രമിക്കുകയും കേസ് കൊടുക്കാതിരിക്കാൻ വിദ്യാർഥി സ്വയം തന്റെ കാലിൽ വീഴുകയുമായിരുന്നു എന്നു പ്രിൻസിപ്പൽ. കാസർകോട് ഗവ. കോളജിൽ‌ പ്രിൻസിപ്പലും എംഎസ്എഫും തമ്മിൽ ശീത സമരം തുടരുകയാണ്. അതേസമയം പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ എസ്എഫ്ഐയും രംഗത്തെത്തി. കാസർകോട് ഗവ.കോളജ് പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന എം.രമയ്ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. 

വിദ്യാർഥിയുടെ ആരോപണം ഇങ്ങനെ  ഒക്ടോബർ 18ന് രാവിലെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചാണ് സംഭവം. തനിക്കെതിരെ പരാതിയുണ്ടെന്നും അതിനാൽ പ്രിൻസിപ്പലിനെ കാണണമെന്നും സുഹൃത്തുക്കൾ നിർദേശിച്ചതു പ്രകാരം വിദ്യാർഥി കോളജ് മേധാവിയുടെ മുറിയിൽ എത്തി. ഇനി ഇവിടെ പഠിക്കേണ്ട എന്നും പുറത്താക്കുമെന്നും പ്രശ്നങ്ങളുടെ കാരണക്കാരൻ നീ ആണെന്നും പ്രിൻസിപ്പൽ ആക്രോശിച്ചതായും പ്രശ്നം പരിഹരിക്കാൻ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് തന്റെ കാലു പിടിക്കണമെന്ന് പ്രിൻസിപ്പിൽ ആവശ്യപ്പെട്ടതായും ഇതേത്തുടർന്നു 3 തവണ കാലുപിടിച്ചുവെന്നും രണ്ടാം വർഷ ബിരുദ വിദ്യാർഥിയുടെ പരാതിയിലുണ്ട്. മുഖ്യമന്ത്രി, ഡിജിപി, യൂത്ത് കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് വിദ്യാർഥി ഒക്ടോബർ 26നു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് എംഎസ്എഫ് ആരോപിച്ചു. ഇന്നലെ വിദ്യാർഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.  പ്രിൻസിപ്പലിന്റെ മറുപടി  വിദ്യാർഥി തന്റെ കാലിൽ വന്നു വീണതാണെന്നും കാലുപിടിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എംഎസ്എഫ് നടത്തുന്നതെന്നും കോളജ് പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന എം.രമ പറഞ്ഞു.  കാലുപിടിച്ചെന്ന് പറയപ്പെടുന്ന രണ്ടാംവർഷ ബിരുദ വിദ്യാർഥി മാസ്‌കിടാതെ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് വിദ്യാർഥി അടിക്കാൻ ശ്രമിച്ചു.  ശേഷം പൊലീസെത്തി മാസ്‌കിടാത്തതിന് വിദ്യാർഥിക്ക് പിഴ ഈടാക്ക. അടിക്കാൻ ശ്രമിച്ചതിന് കേസ് കൊടുക്കരുതെന്നും മാപ്പ് പറയാൻ വിദ്യാർഥി തയാറാണെന്നും വിദ്യാർഥിയുടെ കുടുംബക്കാരും എംഎസ്എഫുകാരും ഫോണിലും മറ്റുമായി അറിയിച്ചിരുന്നു. ഇതുകഴിഞ്ഞാണു വിദ്യാർഥി കാലിൽ വീണത്. കാലിൽ വീണപ്പോൾ കൂടെയുള്ളവർ ഫോട്ടോ എടുത്തത് അറി​ഞ്ഞില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.  സിസിടിവി പ്രവർ‌ത്തന രഹിതം  സംഭവിച്ചതെന്താണെന്നു കൂടുതൽ വ്യക്തമാകണമെങ്കിൽ സിസിടിവി പരിശോധിക്കണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. അതേസമയം കോളജിലെ സിസിടിവി പ്രവർത്തനരഹിതമായിരുന്നുവെന്നും ഒരാഴ്ച മുൻപാണു നന്നാക്കിയതെന്നുമാണു പ്രിൻസിപ്പൽ വ്യക്തമാക്കിയത്.   കൊടി തോരണങ്ങൾ നീക്കിയ പേരിലും എംഎസ്എഫ്– പ്രിൻസിപ്പൽ തർക്കം  കോളജിൽ നവാഗതരെ സ്വാഗതം ചെയ്ത് എംഎസ്എഫ് സ്ഥാപിച്ച കൊടിതോരണങ്ങൾ കോളജ് അധികൃതർ നീക്കിയതായി ആരോപിച്ചും എംഎസ്എഫ് രംഗത്തെത്തി. കോളജ് കൊടിമരത്തിനു സമീപം സ്ഥാപിച്ച അലങ്കാരങ്ങളാണു നീക്കിയതെന്നു കോളജ് പ്രിൻസിപ്പൽ എം.രമ പറഞ്ഞു. കൊടിമരത്തിൽ തോരണങ്ങൾ സ്ഥാപിച്ചതു സംബന്ധിച്ച് കോളജിൽ പരിപാടിക്കെത്തിയ കലക്ടറടക്കം അന്വേഷിച്ചിരുന്നു. ഇക്കാര്യം സംഘടനാ നേതാക്കളെയും അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാത്തതിനാലാണു രാത്രി കൊടിമരത്തിലെ അലങ്കാരം നീക്കിയതെന്ന് പ്രിൻസിപ്പൽ‍ പറഞ്ഞു.  സംഭവത്തിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അടക്കമുള്ളവർ കോളജിലെത്തി അധികൃതരുമായി ചർ‌ച്ച നടത്തിയിരുന്നു. കാസർകോട് ടൗൺ സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തി.  പിന്നാലെയാണ് കാലുപിടിപ്പിച്ച ആരോപണവുമായി എംഎസ്എഫ് രംഗത്തെത്തിയത്. വാഹനവുമായി കോളജിലെത്തി പ്രിൻസിപ്പലിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൂർവ വിദ്യാർഥിയായ ചെർക്കള ബേർക്ക റോഡ് നെല്ലിക്കുന്ന് ഹൗസിൽ സാബിദ് ഇർഫാനെതിരെ പ്രിൻസിപ്പലിന്റെ പരാതിയിൽ‌ നവംബർ ഒന്നിനു പൊലീസ് കേസെടുത്തിരുന്നു.



No comments