JHL

JHL

പഠനം പാതിവഴിയിൽ മുടങ്ങിയവരെ കൈപ്പിടിച്ച് ഉയർത്താൻ പൊലീസിന്റെ ഹോപ് പദ്ധതി വിജയരഥത്തിലൂടെ മൂന്നാം വർഷത്തിലേക്ക്.

കാസർകോട്(www.truenewsmalayalam.com) : പഠനം പാതിവഴിയിൽ മുടങ്ങിയവരെ കൈപ്പിടിച്ച് ഉയർത്താൻ പൊലീസിന്റെ ഹോപ് പദ്ധതി വിജയരഥത്തിലൂടെ മൂന്നാം വർഷത്തിലേക്ക്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പൊലീസിന്റെ ‘ഹോപ്’ പദ്ധതി ജില്ലയിലും നടപ്പാക്കുന്നത്. 

കഴിഞ്ഞ 2 അധ്യയന വർഷത്തിലും ഹോപ് പദ്ധതിയിലൂടെ  ഇരു പരീക്ഷയിലും ജയം 100% ആയിരുന്നു. പരീക്ഷകളിൽ പരാജയപ്പെടുന്നവർക്കു പുറമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കാണു പഠനം തുടരുന്നതിനുള്ള അവസരമൊരുക്കുന്നത്.    ജീവിതത്തിന്റെ ഗതിമാറുന്ന കുട്ടികളെ വിദ്യാഭ്യാസത്തിലേക്കും നല്ല ഭാവിയിലേക്കും തിരിച്ചെത്തിക്കാനുള്ള ശ്രമമങ്ങളാണു ഹോപ് പദ്ധതിയിലൂടെ പൊലീസ് ഉദ്യോഗസ്ഥർ അധ്യാപകരുടെ സഹായത്തോടെ നടപ്പാക്കുന്നത്.

ജില്ലയിൽ ഒരു പഠന കേന്ദ്രം; കൂടുതൽ ഒരുക്കാൻ ആലോചന

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള കൺട്രോൾ റൂം കെട്ടിടത്തിന്റെ മുകൾനിലയിലാണു നിലവിലുള്ള പഠനകേന്ദ്രമുള്ളത്.  ആവശ്യമായ പഠന സാമഗ്രികൾ, ലഘുഭക്ഷണം, ചില വിദ്യാർഥികൾക്കു യാത്രബത്ത എന്നിവ സംഘടിപ്പിച്ചു നൽകുന്നത് പൊലീസുകാരാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതി ഉപരിപഠനത്തിനു യോഗ്യത നേടാത്തവരെയും മറ്റു കാരണങ്ങളാൽ പഠനം 

മുടങ്ങിയവരെയും  ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തുന്നത്.  ഈ വർഷം പ്ലസ്ടുവിന് 25 ഉൾപ്പെടെ 45 കുട്ടികളാണു പഠിക്കാ‍നെത്തിയത്. പദ്ധതിയിൽ ഇനിയും ചേരാൻ വിദ്യാർഥികൾക്കു അവസരമുണ്ട്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് ചേരാം. ചന്തേര ഭാഗങ്ങളിൽ നിന്നായി കൂടുതൽ കുട്ടികൾ റജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ച് പുതുതായി ഒരു പഠനംകേന്ദ്രം തുടങ്ങാനുള്ള ആലോചനയുമുണ്ട്.

ടീമംഗങ്ങൾ ഇവർ

ഹോപ്പിന്റെ ജില്ലയിലെ നോഡൽ ഓഫിസർ അഡിഷനൽ പൊലീസ് സൂപ്രണ്ട് കെ.ഹരിശ്ചന്ദ്ര നായിക് ആണ്. സിവിൽ പൊലീസ് ഓഫിസർമാരായ ഡി.ദിനൂപ്, പി.സുനീഷ്, കെ.വിജേഷ്, എ.നിവിൽ, സർവീസിൽ നിന്നു വിരമിച്ച പി.രാജീവൻ(എസ്ഐ) നിർമൽകുമാർ കാടകം (അധ്യാപകൻ) എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. ഇതിനു പുറമേ യോഗ്യത നേടിയവരും വിരമിച്ച അധ്യാപകരും മറ്റും ക്ലാസെടുക്കാനായി എത്തുന്നുണ്ട്. ഈ വർഷത്തെ ക്ലാസ് അഡിഷനൽ പൊലീസ് സൂപ്രണ്ട് കെ.ഹരിശ്ചന്ദ്രനായിക് ഉദ്ഘാടനം ചെയ്തു.





No comments