JHL

JHL

സംസ്ഥാനത്തെ 140മണ്ഡലങ്ങളിലും മോയിൻകുട്ടി സ്മാരകത്തിന് ഉപകേന്ദ്രം; മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനസ്ഥാപിക്കും.

മൊഗ്രാൽ(www.truenewsmalayalam.com) :  മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഉപ കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാനസർക്കാർ തത്വത്തിൽ തീരുമാനിച്ച സാഹചര്യത്തിൽ മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കുന്നതു  മായി ബന്ധപ്പെട്ട് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഭാരവാഹികൾ ചർച്ചകൾക്കായി മൊഗ്രാലിലെത്തി. 

 2018 ലാണ് സംസ്ഥാന  സാംസ്കാരികവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. തീരുമാനപ്രകാരം കേരളത്തിൽ  ആദ്യത്തെ ഉപകേന്ദ്രം നാദാപുരത്ത് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തെ മറ്റ് നാലു മണ്ഡലങ്ങളിൽ കൂടി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് കോവിഡ് വ്യാപനം മൂലം തുടർ നടപടികൾ തടസ്സപെട്ടു. ഈ നടപടികളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ നേരത്തെ ഇത്തരത്തിൽ ഉപകേന്ദ്രം മൊഗ്രാലിൽ  പ്രവർത്തിച്ചിരുന്നതിലാണ് മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി സെക്രട്ടറിമാരായ  റസാഖ് മാസ്റ്റർ, ഫൈസൽ എളേറ്റിൽ എന്നിവർ മൊഗ്രാലിലെത്തിയത്. 

 താല്ക്കാലിക കെട്ടിട സൗകര്യം ലഭ്യമായാൽ പ്രവർത്തനം ഉടൻ തുടങ്ങാനാവുമെന്ന് റസാഖ് മാസ്റ്റർ നാട്ടുകാരെ അറിയിച്ചു. തുടക്കത്തിൽ "സ്കൂൾ ഓഫ് മാപ്പിള ആർട്സ് ''എന്ന പേരിൽ വിദ്യാർഥികൾക്കായി ക്ലാസുകൾ തുടങ്ങും.സർക്കാർ അംഗീകാരമുള്ള അക്കാദമിയുടെ 4 വർഷത്തെ കോഴ്സാണിതെന്ന് ഇവർ അറിയിച്ചു. 

 മൊഗ്രാൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ഒരുപാട് കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. കൂടിയാലോചനാ യോഗത്തിൽ ബഷീർ അഹ്മദ് സിദ്ദീഖ്, സിദ്ദീഖലി മൊഗ്രാൽ, എഎസ് മുഹമ്മദ് കുഞ്ഞി,അബൂ ത്വാഹി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കെ എം മുഹമ്മദ്, സിദ്ദീഖ് റഹ്മാൻ, താജുദ്ദീൻ, ഹമീദ് കാവിൽ, ലത്തീഫ് കുമ്പള, ശിഹാബ് മാഷ് എന്നിവർ സംബന്ധിച്ചു. കെ വി അഷ്റഫ് സ്വാഗതം പറഞ്ഞു.

 പ്രവർത്തനം തുടങ്ങുന്നതിന്റെ  ഭാഗമായി ബഷീർ അഹ്മദ് സിദ്ദീഖ് ചെയർമാനും, കെ എം മുഹമ്മദ് കൺവീനറുമായി പതിനഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.





No comments