JHL

JHL

എം.എസ്.എഫ്. കൊടിതോരണങ്ങൾ പ്രിൻസിപ്പൽ നീക്കിയെന്നാരോപണം; എം.എസ്.എഫ്. കോളജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

കാസർകോട്(www.truenewsmalayalam.com) : ഗവ. കോളേജിൽ ബിരുദവിദ്യാർഥികളെ സ്വാഗതം ചെയ്ത് എം.എസ്.എഫ്. സ്ഥാപിച്ച കൊടിതോരണങ്ങൾ പ്രിൻസിപ്പൽ നീക്കിയെന്നാരോപിച്ച് എം.എസ്.എഫ്. കോളജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. തിങ്കളാഴ്ച ബിരുദ വിദ്യാർഥികളുടെ പ്രവേശനോത്സവത്തിന് കോളേജ് കൊടിമരത്തിൽ എം.എസ്.എഫ്. കൊടികളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ഇവ രാത്രിയിൽ പ്രിൻസിപ്പൽ നേരിട്ടെത്തി നശിപ്പിച്ചെന്നാണ് പരാതി.
അതേസമയം കോളേജ് കൊടിമരത്തിൽ എം.എസ്.എഫ്. കൊടിമരം അലങ്കരിച്ചതാണ് നീക്കിയതെന്ന് പ്രിൻസിപ്പൽ ഡോ. എം. രമ പ്രതികരിച്ചു. കോളേജിലെ കൊടിമരത്തിൽ തോരണങ്ങൾ സ്ഥാപിച്ചത് സംബന്ധിച്ച് കോളേജിൽ പരിപാടിക്കെത്തിയ കളക്ടറടക്കം അന്വേഷിച്ചിരുന്നു. വൈകീട്ട് അഞ്ച് മണിക്കകം നീക്കുമെന്ന് മറുപടിയും നൽകി. ഇക്കാര്യം സംഘടനാ നേതാക്കളെയും അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാത്തതിനാലാണ് രാത്രി എട്ട് മണിയോടെ കൊടിമരത്തിലെ അലങ്കാരം നീക്കിയതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ എം.എസ്.എഫ്. നേതാക്കൾ കോളേജിലെത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂർ, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കകം കോളേജിലെ മറ്റ് ബോർഡുകൾ നീക്കാൻ യോഗത്തിൽ ധാരണയായി.

കാസർകോട് ഗവ. കോളജ് പ്രിൻസിപ്പലിന്റേത് ഫാസിസ്റ്റ് പ്രവണതകളാണെന്നാരോപിച്ച് എം.എസ്.എഫ്. ജില്ലാ കമ്മിറ്റി കോളേജ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്യും.





No comments