JHL

JHL

പൊതു സ്ഥലങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

കാസർകോട്(www.truenewsmalayalam.com) : പൊതു സ്ഥലങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളെല്ലാം പൊതുസ്ഥലത്തു തന്നെ. ജില്ലയിലാകെ 570 കൊടിമരങ്ങൾ ഉണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇത് പ്രധാന കേന്ദ്രങ്ങളിലെ കൊടി മരങ്ങളുടെ മാത്രം എണ്ണമാണ്. 3 ദിവസം മുൻപ് വരെ  മാറ്റിയത് 34 എണ്ണം  മാത്രം. കൊടിമരങ്ങൾ നീക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു നിർദേശം നൽകിയിരുന്നു. പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദേശം നൽകിയിട്ടും മറുപടി ഇല്ലെന്നാണു റവന്യു അധികൃതർ പറയുന്നത്. സ്ഥലം പഞ്ചായത്തിന്റെയോ പൊതുമരാമത്തിന്റെയോ റവന്യു വകുപ്പിന്റെയോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലാത്ത ഇടങ്ങളിൽ കൊടിമരം നീക്കം ചെയ്യുന്നതു തടസ്സമുണ്ടാവുന്നുണ്ട്. 

പരാതി നൽകിയിട്ടും രക്ഷയില്ല

ടാർ റോഡിൽ കൊടിമരം സ്ഥാപിച്ചതു നീക്കാൻ കുമ്പള പഞ്ചായത്ത് ഭരണസമിതി ഒക്ടോബർ 22ന് എടുത്ത തീരുമാനം അനുസരിച്ച് ഇത് സ്ഥാപിച്ചതിനെതിരെ കേസ് എടുക്കാൻ  ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ കഴിഞ്ഞ 1ന് പരാതി നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ല.

മഞ്ചേശ്വരം താലൂക്കിൽ  59 

മഞ്ചേശ്വരം താലൂക്കിലെ 59 കൊടി മരങ്ങളിൽ 18 എണ്ണം ആണ് നീക്കിയത്. പുത്തിഗെ പഞ്ചായത്തിൽ 22ൽ 10, മഞ്ചേശ്വരം 10ൽ 8 എന്നിങ്ങനെയാണ് നീക്കിയത്. കുമ്പള പഞ്ചായത്തിൽ 15, പൈവളിഗെ 12 എന്നിങ്ങനെ കൊടിമരങ്ങൾ ഉള്ളതിൽ ഒന്നു പോലും നീക്കിയില്ല. മീഞ്ച പഞ്ചായത്തിൽ കൊടിമരങ്ങൾ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നീക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജയറാം ബളംകുടൽ അറിയിച്ചു. മംഗൽപാടി പഞ്ചായത്തിൽ എവിടെയും കൊടിമരം ഇല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ പറഞ്ഞു.

വോർക്കാടി പഞ്ചായത്തിൽ ഇനിയും ധാരാളം കൊടിമരം മാറ്റാതെ കിടക്കുന്നതായി പഞ്ചായത്തംഗം പി.എ.അബ്ദുൽ‌ മജീദ് പറഞ്ഞു.ബദിയടുക്ക, കുംമ്പടാജെ, പുത്തിഗെ, എൻമകജെ  പഞ്ചായത്തുകളിൽ പൊതു സ്ഥലത്തെ പതാകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടില്ല.





No comments