JHL

JHL

ഇടതുമുന്നണി പ്രവർത്തകരെ ആവേശത്തിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; പാലക്കുന്ന്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്

കാസർകോട്(www.truenewsmalayalam.com) : തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്കു നീങ്ങുമ്പോൾ, ഇടതുമുന്നണി പ്രവർത്തകരെ ആവേശത്തിലാക്കി മുഖ്യമന്ത്രി പിണറായി വിജയനെത്തി. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പാലക്കുന്ന്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

കനത്ത ചൂടിനെ അവഗണിച്ചും സദസ്സിനെ ഇളക്കിമറിച്ചുമുള്ള പ്രസംഗം. നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിക്കുകയായിരുന്നു ഓരോ പ്രസംഗത്തിലും. ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ പത്രസമ്മേളനത്തിനുശേഷം ആദ്യപരിപാടിയായ പാലക്കുന്നെത്തുമ്പോൾ സമയം 10.50. വേദിയിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ പ്രസംഗം. മുഖ്യമന്ത്രിയെത്തി കൈവീശി സദസ്സിനെ കരഘോഷത്തിലാക്കി.ഈ സമയം ഇടത്‌ യുവജന സംഘടനകളുടെ റാലി ഉദുമയിൽനിന്ന്‌ പാലക്കുന്നിലെത്തി. സമീപത്തുണ്ടായിരുന്ന സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ കൈപിടിച്ച് മുകളിലേക്കുയർത്തിയപ്പോൾ വീണ്ടും കരഘോഷം. ചുരുക്കം വാക്കുകളിൽ വോട്ടഭ്യർഥന. ജനസഞ്ചയം പന്തലിലൊതുങ്ങിയില്ല. ആളുകളുടെ ബാഹുല്യം സംസ്ഥാനപാതയിലേക്ക് നീളുന്ന കാഴ്ച. പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി വിഷയങ്ങളിൽനിന്ന്‌ വിഷയങ്ങളിലേക്ക്‌ മുഖ്യമന്ത്രിയുടെ വാക്കുകൾ നീണ്ടു. വിഷയം ദേശീയ രാഷ്ട്രീയത്തിലെത്തിയപ്പോഴേക്കും ശബ്ദം കനപ്പെട്ടു. എന്താണ് കേരളത്തോട് കേന്ദ്രസർക്കാരും കോൺഗ്രസും കാണിക്കുന്നതെന്നു ചോദിച്ചും വിവരിച്ചും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിലേക്കും വിഷയത്തെ നീട്ടി. ഈ നിയമത്തിനെതിരെ പറയാത്ത കോൺഗ്രസിന്റെതുൾപ്പെടെ പ്രകടനപത്രികയെയും മുഖ്യമന്ത്രി പരാമർശിച്ചു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ കേരളത്തിൽനിന്നുള്ള യു.ഡി.എഫ്. എം.പി.മാർ എന്തു നിലപാടെടുത്തുവെന്നതും വിവരിച്ചു. പാലക്കുന്നിലെ പ്രസംഗം ഒരുമണിക്കൂർ നീണ്ടു. വൈകീട്ട് നാലേമുക്കാലിനാണ് തൃക്കരിപ്പൂരിലെ വേദിയിലെത്തിയത്. അവിടെയും ഒരു മണിക്കൂറോളം നീളുന്ന പ്രസംഗം. പയ്യന്നൂരിലെത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞു. നിറഞ്ഞ ജനസഞ്ചയത്തെ കൈകൂപ്പി വേദിയിലേക്കു കയറിയ മുഖ്യമന്ത്രി പ്രസംഗിച്ച്‌ കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി.





No comments