കാസർകോട് മോക്പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചെന്ന പരാതി അടിസ്ഥാന രഹിതം; കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ
കാസർഗോഡ്(www.truenewsmalayalam.com) : കാസർകോട് ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക്പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചുവെന്ന വാർത്ത തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ആരോപണത്തെ കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തുടർന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ ആണ് സുപ്രീംകോടതിയിൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചത്.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ അടക്കമുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബി.ജെ.പിക്ക് പോൾ ചെയ്തതിലും കൂടുതൽ വോട്ട് ലഭിച്ചുവെന്ന ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയത്.
ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത ഉയർത്തികാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ആണ് ബി.ജെ.പിക്ക് അധിക വോട്ട് കിട്ടിയ കാര്യം സുപ്രീംകോടതിയിൽ ധരിപ്പിച്ചത്.
തുടർന്ന് ഇത് പരിശോധിക്കാൻ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകുകയായിരുന്നു.
കാസർകോട് ഗവ. കോളജിൽ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്.
മൊഗ്രാൽ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്.
പട്ടികയിൽ ആദ്യ സ്ഥാനാർഥിയാതുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്പോൾ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേതെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകർ പറഞ്ഞു.
എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഗൗരവമുള്ളതല്ല എന്നും പറയുന്നു.
Post a Comment