സൂരംബയലിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു ; പുത്തിഗെ പഞ്ചായത്ത് അംഗം അനിതശ്രീയുടെ വീടാണ് കത്തിനശിച്ചത്
കുമ്പള(www.truenewsmalayalam.com) : സൂരംബയലിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീപിടിച്ചു.
ഇന്ന്(തിങ്കളാഴ്ച) വൈകിട്ടോടെയാണ് സംഭവം, പുത്തിഗെ പഞ്ചായത്ത് ബിജെപി അംഗം അനിതശ്രീയുടെ സൂരംബയലിലെ വീടിനാണ് തീ പിടിച്ചത്.
അനിതശ്രീ പഞ്ചായത്തിലും ഭർത്താവ് രാമ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം.
വീട്ടിലെ ഫാൻ, ഫ്രിഡ്ജ്, ടിവി തുടങ്ങി വീട്ടുപകരണങ്ങളും, ഉടുവസ്ത്രം ഒഴിച്ച് വസ്ത്രങ്ങളും വിലപിടിച്ച രേഖകളുമെല്ലാം കത്തി നശിച്ചു.
വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട അയൽവാസി നാട്ടുകാരെ വിവരമറിയിക്കുകയും, നാട്ടുകാരും ഫയർഫോഴ്സും ഒരു മണിക്കൂറോളം പണിപ്പെട്ട് തീ കെടുത്തുകയുമായിരുന്നു.
ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.
നാല് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് വിവരം.
അനിത ശ്രീയുടെ രണ്ടു മക്കളും മംഗളൂരു കോളേജിൽ പഠിക്കുകയാണ്. ഇവരും സ്ഥലത്തുണ്ടായിരുന്നില്ല.
Post a Comment