പെരുന്നാൾ - വിഷു തിരക്ക്; സർവീസ് റോഡിലെ ഗതാഗതക്കുരുക്കഴിക്കാൻ ദേശീയപാതയിൽ പൂർത്തിയായ റോഡുകൾ താൽക്കാലികമായി തുറന്നു കൊടുക്കണം - മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : റംസാൻ പെരുന്നാൾ -വിഷു അടുത്ത ദിവസങ്ങളിലായി ഒന്നിച്ചെത്തുന്ന സാഹചര്യത്തിൽ ദേശീയപാതയിൽ ഇടുങ്ങിയ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കഴിക്കാൻ ദേശീയപാതയിൽ തലപ്പാടി മുതൽ ചേർക്കള വരെ പൂർത്തിയായി കിടക്കുന്ന റോഡുകൾ താൽക്കാലികമായി തുറന്നു കൊടുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
പെരുന്നാൾ -വിഷു തിരക്ക് ഇപ്പോൾ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെടുന്നുണ്ട്.
കാസറഗോഡും, ഉപ്പളയിലും വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളമാണ് ഗതാഗത സ്തംഭനം നേരിടുന്നത്.
വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമാണ്.
അതുകൊണ്ടുതന്നെ പൂർത്തിയായ ദേശീയപാതകൾ ഗതാഗത തടസ്സം ഒഴിവാക്കാൻ ഏപ്രിൽ 15വരെയെങ്കിലും താൽക്കാലികമായി തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം എന്നിവർ ആവശ്യപ്പെട്ടു.
Post a Comment