JHL

JHL

കാസർകോഡ് - ആരോഗ്യ മേഖല: 18 നിർദ്ദേശങ്ങളോടെ ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസർകോഡ്(True News 18 April 2020): കാസർകോഡ് ജില്ലയിലെ ആരോഗ്യ മേഖലയിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ഫലമാണ് ലോക്ഡൌൺ കാലത്ത് മംഗാലപുരത്തെ ചികിത്സ ലഭ്യമാകാതെ 14 പേർ മരിക്കാനിടവരുത്തിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇനിയും കാസർകോഡ് ജനതയുടെ ജീവൻ കർണാടക ലോബിക്ക് പന്താടാൻ നൽകരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാസർകോട്ടെ ആരോഗ്യ മേഖലയുടെ പുനരുജ്ജീവനത്തിന് അടിയന്തിരമായി നടപ്പാക്കേണ്ട 18 നിർദ്ദേശങ്ങളോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 30 പൂർണ്ണ സമയം പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും 5 സി.എച്ച്.സികളുടെയും കുറവുണ്ട്. നിലവിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് 2013 ല്‍ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. ട്രോമ കെയര്‍, വെന്റിലേറ്റര്‍, പള്‍മോണോളോജിസ്റ്റ്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് എന്നീ വിഭാഗങ്ങള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും  ജില്ലയിലില്ല എന്നത് എത്രമാത്രം പിന്നിലാണ് കാസകോഡ് എന്നത് വിളിച്ച് പറയുന്നു. കാസർകോഡ് ജനറൽ ആശുപത്രിയിൽ മാത്രം കെ.എ.എസ്.എച്ച് സ്റ്റാൻഡേർഡ് പ്രകാരം 431 തസ്തികകളുടെ കുറവുണ്ടെന്ന് 2013 - ൽ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഉള്ള തസ്തികകൾ പോലും ഒഴിഞ്ഞ് കിടക്കുകയാണ്. എൻഡോസൾഫാൻ മേഖലയിൽ ശുപാർശ ചെയ്യപ്പെട്ട സാന്ത്വന ചികിത്സാ  ആശുപത്രിയും കടലാസിൽ മാത്രമാണ് ഇപ്പോഴും. ഈ അവഗണന അവസാനിപ്പിക്കുകയും കാസർഗോട്ടെ ആരോഗ്യ സംവിധാനത്തെ  സർക്കാർ മേഖലയിൽ തന്നെ  സ്വയം പര്യാപ്തമാക്കുന്നതിന്  തയ്യാറാകണമെന്നും അതിനായി സമഗ്രമായ പാക്കേജിന് സർക്കാർ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി അടിയന്തിര സ്വഭാവത്തിൽ നടപ്പാക്കേണ്ട പതിനെട്ടിന നിർദ്ദേശങ്ങളാണ് കത്തിലുള്ളത്.

                                     മഞ്ചേശ്വരം താലൂക്ക്  ആശുപത്രി

1. 30000 പേര്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു പി.എച്ച്.സി അനിവാര്യമാണ്. 14 ലക്ഷം ജനങ്ങളുള്ള കാസര്‍കോഡ് അങ്ങനെയാണെങ്കില്‍ വേണ്ടത് 46 പിഎച്ച്സി കളാണ്. ആകെയുള്ളതാകട്ടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 10 പി.എച്ച്.സി മാത്രം. 30 മിനി പി.എച്ച്.സികള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാവുന്ന സാകര്യങ്ങളോടെ  ഉയര്‍ത്തണം. സ്വന്തമായി കെട്ടിടമില്ലാത്ത മഥൂര്‍, അങ്ങടിമൊഗരു എന്നീ പി.എച്ച്.സികള്‍ക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകണം.

2. 50000-100000 പേര്‍ക്ക് ഒരു സി.എച്ച്.സി എന്ന അനുപാതം  അനുസരിച്ച് ചുരുങ്ങിയത് 14 കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളാണ് ജില്ലയില്‍ വേണ്ടത്. നിലവിൽ ഉള്ളതിൽ  ഭൂരിപക്ഷത്തിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യം മാത്രമുള്ളതാണ്. നിലവിലുള്ള 9 സി.എച്ച്.സികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പുതുതായി 5 സി.എച്ച്.സികള്‍ കൂടി ജില്ലയില്‍ സ്ഥാപിക്കണം.

3. എല്ലാ സി.എച്ച്.സികളിലും ആര്‍ദ്രം സ്റ്റാന്‍ഡ്ര്‍ഡ് അനുസരിച്ച് 5 സ്പെഷ്യലിസ്റ്റുകളെ അനുവദിക്കണം. കൂടാതെ കുറഞ്ഞത് 30 കിടക്കകളും അനുവദിക്കണം. നിലവിൽ
കാസര്‍കോഡ് ജില്ലയിലെ ഒരു സി.എച്ച്.സിയിലും  ഈ സൗകര്യങ്ങളില്ല. ഇവ  ലഭ്യമാക്കണം.

4.    ആംബുലന്‍സ് സൗകര്യങ്ങളില്ലാത്ത രണ്ട് താലൂക്ക് ആശുപത്രികളിലും 8 സി.എച്ച്.സികളിലും ആംബുലന്‍സ് സൗകര്യം ഒരുക്കണം.

5.    ജില്ലാ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഒരുക്കണം.

6.    പള്‍മോണോളോജി, ന്യൂറോളജി, കാര്‍ഡിയോളജി, യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിക്കണം.

7. ന്യൂറോളജി, കാര്‍ഡിയോളജി വിഭാഗങ്ങള്‍ ജനറല്‍ ആശുപത്രിയിൽ ആരംഭിക്കണം.

8.    പതിനായിരം പേര്‍ക്ക് ഒരു ഫിസിഷ്യന്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് ഉറപ്പാക്കാന്‍ കുറഞ്ഞത് 140 ഫിസിഷ്യന്‍മാരുടെ നിയമനം ജില്ലയില്‍ ഉറപ്പ് വരുത്തണം. അതിനാനുപാതികമായ പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയമിക്കണം

9. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഒരുക്കണം.

10.     കാര്‍ഡിയോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളുടെ സേവനം താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കണം.

11.    എല്ലാ താലൂക്ക് ആശുപത്രികളിലും സി.എച്ച്.സികളിലും എക്സ്റേയൂണിറ്റ് ലഭ്യമാക്കണം.

12.    താലൂക്ക് ആശുപത്രി സി.എച്ച് സി എന്നിവിടങ്ങളിൽ സി.ടി സ്കാന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം.

13.    ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം ആരംഭിക്കണം.

14. കിടത്തി ചികിത്സിക്കാവുന്ന എല്ലാ ആശുപത്രികളിലും ഗൈനക്കോളജി വിഭാഗം ആരംഭിക്കണം.

15.    ജില്ലയിലെ ആരോഗ്യരംഗത്തെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണം. നിലവില്‍ ജനറല്‍ ഹോസ്പിറ്റലിലടക്കം ഒഴിവുള്ള പോസ്റ്റുകളില്‍ നിയമനം നടത്തുകയും പ്രഭാകരന്‍ കമ്മീഷന്‍ 2013ലെ ശുപാര്‍ശ അനുസരിച്ച് ജനറന്‍ ഹോസ്പിറ്റലില്‍ KASH സ്റ്റാന്‍റേര്‍ഡ് (Kerala Accreditation Standard for health care) അനുസരിച്ച് കുറവുള്ള 431 തസ്തികകള്‍ ഉടന്‍ അനുവദിക്കുക്കുക. സമാനമായി ഓരോ ആശുപത്രികളിലേയും പാറ്റേണ്‍ പുതുക്കുകയും വേണം.

16.    പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ആരോഗ്യമേഖലയില്‍ വേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം ഉടന്‍ നടപ്പാക്കണം. ജനറല്‍ ആശുപത്രി വികസനത്തിന് മാത്രം 2013 - ല്‍ 24  കോടിരൂപ അടങ്കല്‍ ചെലവ് വരുന്ന അടിസ്ഥാന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന നിര്‍ദ്ദേശങ്ങളായിരുന്നു കമ്മീഷന്‍ സമര്‍പ്പിച്ചത്.

17.     എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ ശിപാര്‍ശചെയ്ത സാന്ത്വന ചികിത്സാ ആശുപത്രി ഉടന്‍ പ്രാവര്‍ത്തികമാക്കണം.

18. 2013 ല്‍ നിര്‍മാണമാരംഭിച്ച മെഡിക്കല്‍ കോളേജ് ഇതുവരെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചില്ല എന്നത് ഭൗർഭാഗ്യകരമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ മികച്ച സുപ്പർ സെപ്ഷ്യാലിറ്റി സജ്ജീകരണങ്ങളോടെ വേണം. മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തുടക്കത്തില്‍ 275 ഓളം തസ്കതികള്‍ മെഡിക്കല്‍ കോളേജില്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്, എന്നാല്‍ ഇത് അപര്യാപ്തമാണ്. പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളോടെയും മികച്ച ലാബോറട്ടറികൾ , എം.ആര്‍.ഐ-സി.ടി സ്കാനിംഗ് അടക്കമുള്ള സൗകര്യങ്ങൾ മെഡിക്കല്‍ കോളേജില്‍ തുടക്കം മുതല്‍ ലഭ്യമാക്കണം. ഇതിനനുസരിച്ച് തസ്കതികകളില്‍ വര്‍ദ്ധന വരുത്തണം.  തുടങ്ങിയ നിർദ്ദേശങ്ങളാണ് വെൽഫെയർ പാർട്ടി കത്തിൽ സൂചിപ്പിച്ചത്. കത്തിന്റെ പകർപ്പ്
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്കും അയച്ചിട്ടുണ്ട്.


No comments