JHL

JHL

തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പാത ; കരട് രൂപരേഖ തയ്യാർ ; തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിനെ സമാന്തരമായുമായിരിക്കും നിര്‍ദ്ദിഷ്ട പാത

തിരുവനന്തപുരം(True News 26 April 2020): റെയിൽ  ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) കരട് രൂപരേഖയായി. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിനെ സമാന്തരമായുമായിരിക്കും നിര്‍ദ്ദിഷ്ട പാത. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ചുള്ള അന്തിമ റൂട്ട് പ്രസിദ്ധപ്പെടുത്തി.


 വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് അംഗീകരിച്ചു. ഈ വര്‍ഷം പ്രവൃത്തി ആരംഭിച്ച് അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. പൈതൃക സ്ഥാപനങ്ങളേയും ആരാധനാലയങ്ങളേയും ഒഴിവാക്കാന്‍ വേണ്ടി സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ പലയിടത്തായി പരവമാധി 10 മുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് പുതിയ റെയില്‍വേലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മ്മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാവും. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടെത്താൻ നാല് മണിക്കൂർ മതിയാവും.

No comments