JHL

JHL

സ്ഥിരവരുമാനമില്ല, വെള്ള, നീല റേഷൻ കാർഡ് ഉടമകൾ പട്ടിണിയിൽ

മൊഗ്രാൽ(True News 29 April 2020): കോവിഡ്-19 ന്റെ ഭാഗമായി  ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് സർക്കാറിന്റെതായി ആകെ കിട്ടിയത് ഈ മാസത്തെ 15 കിലോ സൗജന്യ അരി മാത്രം. റേഷൻ വിതരണത്തിലും, മറ്റു ആനുകൂല്യങ്ങളിലും ഈ വിഭാഗത്തെ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരായി കണ്ടുകൊണ്ട് സർക്കാർ പലവ്യജ്ഞന കിറ്റ് വിതരണത്തിൽ പോലും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയരുന്നു.

 വെള്ള, നീല റേഷൻ കാർഡുടമകൾ  സ്ഥിരവരുമാനക്കാരും, പ്രവാസി കുടുംബങ്ങളും, സർക്കാർ ജീവനക്കാരുമൊ ക്കെയായാണ് വിലയിരുത്തപ്പെടുന്നത്, ഈ വിഭാഗത്തിൽ തന്നെ കൂലി തൊഴിലാളികൾ, ഔട്ടോ ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാർ, കൃഷിക്കാർ എന്നിവർ പോലും ഉൾപ്പെടുന്നു. ലോക്ക്ഡൗൺ കാരണം പ്രസ്തുത വിഭാഗത്തിന് എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞിട്ടും സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നുമില്ല. ഈ വിഭാഗം ഇന്ന് തീർത്തും പട്ടിണിയിലുമാണ്. റേഷൻ വിതരണത്തിൽ ബി പി എൽ വിഭാഗങ്ങളെയാണ് സർക്കാർ  മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിനും ഇതേ നിലപാടാണുള്ളത്. ഈ വിഭാഗങ്ങൾക്കാകട്ടെ സൗജന്യറേഷന് പുറമെ മറ്റു മത - സാമൂഹ്യ - രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ വഴിയും  ആവശ്യത്തിന് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ ലഭിക്കുന്നുമുണ്ട്. വെള്ള, നീല കാർഡുടമകളെ ഇവിടെയും ആരും സഹായത്തിനായി പരിഗണിക്കുന്നുമില്ല.

 ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളിൽ കാർഡിന്റെ  വേർതിരിവ് അവസാനിപ്പിച്ച് എല്ലാ വിഭാഗങ്ങൾക്കും യുദ്ധകാലടിസ്ഥാനത്തിൽ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ   ദേശീയവേദി ആവശ്യപ്പെട്ടു.

No comments