JHL

JHL

നിറ കണ്ണുകളോടെ ഉളിയത്തടുക്ക സ്വദേശികളായ സഹോദരിമാർ ; ഡോക്ടർമാരും നഴ്‌സുമാരും ഇരുവർക്കും ഐശ്വര്യത്തിന്റെ കൊന്നപ്പൂക്കൾ നൽകി വീട്ടിലേക്ക്‌ യാത്രയാക്കി

കാഞ്ഞങ്ങാട് (True News 11 April 2020):ഐസൊലേഷൻ വാർഡിൽനിന്ന്‌ പുറത്തേക്കിറങ്ങുമ്പോൾ ആയിഷത്ത് റഫീലയുടെയും സഹോദരി ഉമൈത്തു റഫീലയുടെയും കണ്ണുകൾ നിറഞ്ഞു. 'നന്ദിയുണ്ട് എല്ലാവരോടും...' ഇടറിയ വാക്കുകളിൽ ഇത്രയും പറയുമ്പോഴേക്കും മുഖത്തെ മാസ്കിലേക്ക് കണ്ണീർ ഒഴുകിപ്പടർന്നു. ഡോക്ടർമാരും നഴ്‌സുമാരും ഇരുവർക്കും ഐശ്വര്യത്തിന്റെ കൊന്നപ്പൂക്കൾ നൽകി വീട്ടിലേക്ക്‌ യാത്രയാക്കി.
ഈസമയം രണ്ടുപേരുടെയും രണ്ടുവയസ്സ്‌ പ്രായമുള്ള പിഞ്ചോമനകൾ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കൈകൾ പിടിച്ചുവലിച്ചു. സന്തോഷവും സങ്കടവും സമന്വയിച്ച രംഗമായിരുന്നു ജില്ലാ ആസ്പത്രിയിൽ. കോവിഡ് രോഗം മാറി വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തവരിൽ മൂന്നുപേർ ജില്ലാ ആസ്പത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. സഹോദരിമാർ രണ്ടുപേരും ഉളിയത്തടുക്ക സ്വദേശികളാണ്. മൂന്നാമത്തെയാൾ പള്ളിക്കരയിലെ ജുമാനയാണ്.
ദുബായിയിൽനിന്നുവന്ന ഉളിയത്തടുക്ക സ്വദേശിയുടെ ഭാര്യാസഹോദരിമാരാണ് ആയിഷത്തു റഫീലയും ഉമൈത്തു റഫീലയും. ഇവരുടെ ബന്ധുവാണ് ജുമാന. 12 ദിവസമാണ് ഇവർ ആസ്പത്രിയിൽ കഴിഞ്ഞത്. തുടർച്ചയായി രണ്ട്‌ ഫലവും നെഗറ്റീവ് ആയതോടെ ഡിസ്ചാർജ് ആക്കുകയായിരുന്നു. ഡിസ്ചാർജ് ആയെങ്കിലും ജുമാന വീട്ടിലേക്ക്‌ പോയിട്ടില്ല. ഇവരുടെ സഹോദരൻകൂടി ആസ്പത്രിയിൽ പോസിറ്റീവ് ആയി കഴിയുന്നുണ്ട്. ഇത്രയും ദിവസത്തെ പരിചരണത്തിനിടയിൽ ഡോക്ടർമാരും നഴ്‌സുമാരും ഇവരുടെ പിഞ്ചുമക്കളുമായി വലിയ സ്നേഹബന്ധത്തിലായിരുന്നു. ആംബുലൻസിലായിരുന്നു വീട്ടിലേക്കുള്ള യാത്ര. ആസ്പത്രി ഗേറ്റ് കടന്നുപോകുന്നതുവരെ നോക്കിനിന്ന ആരോഗ്യപ്രവർത്തകരോട് ആംബുലൻസിന്റെ ഗ്ലാസിലൂടെ സഹോദരിമാരും മക്കളും കൈവീശിക്കാണിച്ചുകൊണ്ടേയിരുന്നു.
ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ്, ആർ.എം.ഒ. ഡോ. റിജിത്കൃഷ്ണൻ, നോഡൽ ഓഫീസർ രാജേഷ് രാമചന്ദ്രൻ, മെഡിക്കൽ ബോർഡിലെ ഡോക്ടർമാരായ കെ.സി.പ്രവീൺ, മുഹമ്മദ്‌ റിജോഷ്, സുശോഭ്, നഴ്‌സിങ് സൂപ്രണ്ട് രജനി, ഹെഡ്‌ നഴ്‌സ് അച്ചാമ്മ എന്നിവർ ചേർന്നാണ് യാത്രയാക്കിയത്.

No comments