JHL

ഡോ. അബ്ദുൽ ഹമീദ് ; കാസറഗോഡിന് നഷ്ടമായത് സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യം

അനുസ്മരണം                                                           നാസർ അബ്ദുല്ല ചെറുകര

ഡോക്ടർ  അബ്ദുൽ ഹമീദ്  നാഥനിലേക്ക് യാത്രയായി. കസറഗോഡിന്റെ നന്മയായിരുന്നു അദ്ദേഹം . ഒന്നര വർഷം മുമ്പ് കോമയിലാവുന്നത് വരെ, യുവത്വത്തിന്റെ ചുറുചുറുക്കോടെ , ഏത് നല്ല കാര്യത്തിനും അദ്ദേഹം മുന്നിലുണ്ടാവുമായിരുന്നു.

റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ മുതൽ അനസ്തെറ്റിക്കുകളുടെ അസോസിയേഷന്റെ അഖിലേന്ത്യാ ഭാരവാഹിത്വം വരെ അദ്ദേഹത്തിന്റെ കർമ്മരംഗമായിരുന്നു.

ഇസ്‌ലാമിക് സെൻററിനും ഫ്രൈഡേ ക്ലബിനും ഒരേ സമയം താങ്ങും തണലുമായിരുന്നു  അദ്ദേഹം. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയും പടർന്ന് പന്തലിച്ചും ആ മുന്നിൽ നിൽപ് കുറച്ചൊന്നുമല്ല ഗുണം ചെയ്തത്.

ഏറ്റെടുത്ത കാര്യങ്ങളോട് പുലർത്തിയ ആത്മാർത്ഥത വാക്കുകൾ കൊണ്ട് പറഞ്ഞ് തീർക്കാവുന്നതല്ല. ആശുപത്രിയിൽ നിന്ന് വിട്ട് നിൽക്കൽ തന്നെ ഒരു വലിയ സാമ്പത്തിക ത്യാഗമായിരിക്കുമല്ലോ അദ്ദേഹത്തിന് . ഒപ്പം ഇസ് ലാമിക് സെന്ററിന് വേണ്ടി ലോകത്ത് എവിടെയൊക്കെ ചെന്നു അദ്ദേഹം!

മെഡിക്കൽ സംഘടനകളുടെ ഭാരവാഹിയെന്ന നിലയിൽ നടത്തുന്ന അദ്ധ്വാനം കണ്ടിട്ട് , "ഇത്രയൊക്കെ കഷ്ടപ്പെടണോ ഈ പ്രായത്തിൽ?" എന്ന് ഞാൻ ചോദിക്കേണ്ടി വന്നിട്ടുണ്ട്!

'ഖുർആൻ ക്ലാസും പഠനവും ലഹരിയായ  ദമ്പതികൾ ' എന്ന വിശേഷണം നന്നായി ചേരും. പഠിച്ച ക്ലാസിന്റെ 'ഹോംവർക്ക്' കാണേണ്ട കാഴ്ച തന്നെയാണ്. ആശുപത്രിയിലെ തിരക്കുകൾക്കിടയിലെ ഈ വിജ്ഞാന തൽപരത ആശ്ചര്യകരമായിരുന്നു.

ജന സേവന രംഗത്ത് ഡോക്ടറുടെ വ്യക്തിപ്രഭാവത്തിന്റെ മുദ്ര പതിഞ്ഞ സംരംഭമായിരുന്നു ഫ്രൈഡെ ക്ലബും അതിന്റെ സകാത്ത് വിതരണവും. ശേഖരിക്കാനും അർഹരെ കണ്ടെത്തി വിതരണം ചെയ്യാനും കാണിച്ചിരുന്ന ഉത്സാഹം മാതൃകാപരം മാത്രമല്ല, അസൂയാർഹവുമായിരുന്നു.

എല്ലാ വിഭാഗം മനുഷ്യരോടും പുലർത്തിയ അടുപ്പം അദ്ദേഹത്തിന്റെ സുഹൃദ് വൃന്ദം മറ്റൊരാൾക്ക് ഓടിയെത്താൻ കഴിയാത്ത വിധം പരന്ന് കിടക്കുന്നതാണു്. നാനാ വിഭാഗത്തിലും പെട്ട ധാരാളം ആളുകൾ "ഡോക്ടർ എന്റെ ക്ലോസ്  ഫ്രണ്ടാണ് " എന്ന് പറയാനിഷ്ടപ്പെട്ടു.

നർമ്മവും ഫലിതവും ലാളിത്യവും വിശാലതയും സ്നേഹവും കരുതലും ഊടും പാവുമായ ആ സംഭാഷണങ്ങൾ ആരുടെയും സൗഹൃദം വാങ്ങി വെച്ചില്ലെങ്കിലേ അത്ഭുതമൊള്ളൂ. എന്നാൽ തന്റെ ബോധ്യങ്ങളിൽ സ്നേഹത്തോടെ വിയോജിക്കുന്ന കല ഞാൻ ധാരാളം ആസ്വദിച്ചിട്ടുണ്ട്.

ബന്ധുക്കളെ , വളരെ അകന്നവരെപ്പോലും , ആഴത്തിൽ സ്നേഹിക്കുന്ന തും ,അവരെ ക്ഷണിക്കാനും കൊച്ചു കൊച്ചു ക്ഷണങ്ങൾ  പോലും  തിരക്കുകൾക്കിടയിലും സ്വീകരിക്കാനും കാണിച്ചിരുന്ന കരുതൽ കൗതുകകരമായിരുന്നു.
ഇപ്പോൾ പൂർത്തിയായ അന്ത്യയാത്രയുടെ തുടക്കം ഒന്നര വർഷം മുമ്പ് , ഒരു സത്കാരത്തിന്റെ നടുവിൽ നിന്നായത് അല്ലാഹുവിന്റെയും സൽക്കാരത്തിനാവട്ടെ.

മറക്കാനാവില്ല, ആ വെള്ളിയാഴ്ച. ജുമുഅ കഴിഞ്ഞിറങ്ങി , വേഗം പോകാനൊരുങ്ങവെ, സാധാരണത്തേതിനേക്കാളുമധികം നിർബന്ധത്തോടെയായിരുന്നു ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത് . നേരത്തെ തീരുമാനിച്ച അത്യാവശ്യങ്ങൾ ബോധ്യപ്പെടുത്തി, ആ ക്ഷണത്തിൽ നിന്ന് കൈയൂരിപ്പോരാൻ ഞാൻ 'പാടുപെട്ടു'. ഒരു മണിക്കൂറായില്ല, ട്രൈനിലിരിക്കെ, ആ ഞെട്ടിക്കുന്ന വിവരമാണ് എത്തിയത്.

ഞാൻ ക്ഷണം നിരസിച്ചതിനാൽ , പിന്നെ ചെയ്തത് ,ഞാൻ വരുമെന്ന് പറഞ്ഞ് ക്ഷണം നിരസിച്ചിരുന്ന മറ്റൊരു ബന്ധുവീട്ടിലേക്ക് അങ്ങോട്ട് പറഞ്ഞ് പോകയായിരുന്നെത്രെ. അതാണ് ബന്ധത്തിന്റെ ഊഷ്മളത .

 സ്വന്തമായി എല്ലാ സംവിധാനങ്ങളുമുള്ള ആശുപത്രിയുടെ ഉടമയായ അദ്ദേഹത്തെ , ആ നേരത്ത് ആശുപത്രിയിലെത്താൻ അൽപം ദൂരവും ബുദ്ധിമുട്ടുമുള്ളേടത്ത് എത്തിച്ചതിൽ എനിക്കുള്ള പങ്ക് - മന: പൂർവ്വമല്ലെങ്കിലും ഒരു വിങ്ങലായി അനുഭവിച്ചുകൊണ്ടേയിരിക്കയാണ് അന്ന് മുതൽ . എല്ലാം അല്ലാഹുവിന്റെ വിധി. നാം അവന്റെ അടിമകളും.

ആരാധനാ കർമ്മങ്ങളിലും പ്രാർത്ഥനയിലും പുലർത്തിയ ആത്മാർപ്പണവും അനുഭവിച്ചിരുന്ന ആനന്ദവും വാക്കുകളിൽ ഒതുങ്ങുകയില്ല. എല്ലാ ചുറ്റിലും ഹജറുൽ അസ് വദ് മുത്തി കഅബ ത്വവാഫ് ചെയ്യാൻ അവസരം കിട്ടിയത് മറച്ച് വെക്കാൻ കഴിയാത്ത അനുഭൂതിയായിരുന്നു അദ്ദേഹത്തിന്.

സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി പ്രയാസങ്ങൾ സഹിക്കുമ്പോഴും , അല്ലാഹുവിന്റെ അനുഗ്രഹത്താൽ കാര്യമായ അല്ലലില്ലാതെയാണ് വളർന്നതും ജീവിച്ചതും. ആ സംതൃപ്തി പരക്ഷേമ തൽപരതയായും പുഞ്ചിരിയായും എപ്പോഴും   മുഖത്തുണ്ടായിരുന്നല്ലോ .

ഒപ്പം ഏതൊരാളെയും പോലെ ചില സ്വകാര്യ സങ്കടങ്ങളുമുണ്ടായിരുന്നു. എങ്കിലും അങ്ങേയറ്റത്തെ സ്വബ്റാണ് തെളിഞ്ഞ് കണ്ടത്.  കരഞ്ഞു പ്രാർത്ഥിക്കയും, പലപ്പോഴും പ്രത്യേകം വിളിച്ച് പ്രാർത്ഥിക്കാൻ  ആവശ്യപ്പെടുകയും ചെയ്തിരുന്ന - സ്വകാര്യ സങ്കടങ്ങൾ . 

അല്ലാഹുവേ,
അദ്ദേഹത്തിന്റെ കർമ്മങ്ങൾ സ്വീകരിക്കയും ധാരാളം പ്രതിഫലം നൽകയും ചെയ്യണമേ!
പോരായ്മകളും അബദ്ധങ്ങളും പൊറുത്ത് കൊടുക്കയും സ്വർഗ്ഗം നൽകുകയും ചെയ്യണമേ!

ജന്നാത്തുൽ ഫിർദൗസിൽ ,മനുഷ്യരുടെ മുന്നേ നടന്ന, നബിമാരുടെ, സിദ്ധീഖുകളുടെ, ശുഹദാക്കളുടെ , സ്വാലിഹീങ്ങളുടെ കൂടെ വസിപ്പിക്കേണമേ.!

കുടുംബത്തിനും മക്കൾക്കും ആശ്വാസവും മന:സമാധാനവും പ്രധാനം ചെയ്യണേ!
മക്കൾക്ക് , ആ മഹിത പാദങ്ങൾ പിന്തുടരാൻ തൗഫീഖ് നൽകണമേ!

നാഥാ,  അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നീ നികത്തിത്തരേണമേ!

നന്മകളിൽ മാതൃക ഉൾക്കൊള്ളാൻ ,സുഹൃത്തുക്കളായ ഞങ്ങളെ തുണ ക്കേണമേ!
ജനാസയിൽ പങ്കെടുക്കാൻ കഴിയാത്ത വിധം നിന്റെ പരീക്ഷണങ്ങളാൽ തടഞ്ഞ് വെക്കപ്പെട്ട ഞങ്ങളെ,
നാഥാ,  സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണമേ!No comments