JHL

ഒരു മാസത്തെ ശമ്പളം നല്‍കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കോര്‍പ്പസ് ഫണ്ടായല്ല, ദരിദ്രര്‍ക്ക് നേരിട്ട് ലഭിക്കും വിധം ഈ തുക ഉപയോഗിക്കണം- ASET

തിരുവനതപുരം (True News 28 April 2020):അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) ന്റെയും അംഗ സംഘടനകളുടെയും അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. അത് കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രളയ കാലത്തുള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ ദുരുപയോഗിക്കുകയും ആക്ഷേപങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാവില്ല. സര്‍ക്കാറിന്റെ ധൂര്‍ത്തിനും ദുര്‍വ്യയത്തിനും വകമാറ്റാനാവരുത് ജീവനക്കാരുടെയും അധ്യാപകരുടെയും സംഭാവന. കോവിഡുമായി ബന്ധപ്പെട്ട് പിടിക്കുന്ന ശമ്പളത്തിന് പ്രത്യേക അക്കൗണ്ട് രൂപീകരിക്കുകയും പ്രളയ ഫണ്ടിലുണ്ടായ ദുരുപയോഗം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവുകയും വേണം.

കോവിഡ്  19 കേരള ജനതയെ സാമ്പത്തികമായി തകര്‍ക്കുകയും  കൃഷി, കച്ചവടം, കൂലിപ്പണി, വ്യവസായം തുടങ്ങി എല്ലാ വരുമാന മാര്‍ഗ്ഗങ്ങളും അടഞ്ഞത് വഴി വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തികമായി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് ഒരു പുനരധിവാസ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ മുന്നോട്ട് വെച്ചിട്ടില്ല. കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ടവരാണ്. അവരുള്‍ക്കൊള്ളുന്ന സിവില്‍ സര്‍വീസാണ് ഈ ദുരന്തത്തെ നേരിടുന്നതിന് നേതൃത്വം നല്‍കിയത്. അവര്‍ക്കെതിരെ കേരളത്തിലെ ജനങ്ങളെ തിരിച്ചു വിടാനുള്ള അന്തസ്സില്ലാത്ത പ്രവര്‍ത്തനമാണ് ചിലര്‍ നടത്തിയത്. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരുടെ ഭാഗത്ത് നിന്ന് പോലും അത്തരം പ്രയോഗങ്ങളുണ്ടായി.

ജീവനക്കാരും അധ്യാപകരും സംഭാവനയായി നല്‍കുന്ന ശമ്പളം ദരിദ്ര ജനവിഭാഗങ്ങളുടെ  എക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന ഒരു പദ്ധതി അടിയന്തരമായി ആരംഭിക്കണം. പ്രതിമാസം ശമ്പള ഇനത്തില്‍ ചിലവിടുന്ന 3500 കോടി രൂപ കേരളത്തിലെ 87.29 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളിലെ ദരിദ്രര്‍ക്ക് പണമായി കൈമാറി സമൂഹത്തില്‍ പണ ലഭ്യത ഉറപ്പാക്കണം. ജീവനക്കാരും അധ്യാപകരും CMDRF ലേക്ക് നല്‍കുന്ന സംഭാവന പൊതു ഫണ്ടിലേക്ക് വകമാറ്റി പ്രളയ കാലത്ത് സ്വരൂപിച്ച ഫണ്ടിന്റെ അനുഭവം ഉണ്ടാകരുത്.

ശമ്പളം തൊഴിലാളിയുടെ അവകാശമാണെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. റവന്യൂ ചിലവിനത്തിലെ പെരുപ്പിച്ച കണക്ക് പറഞ്ഞ് ജീവനക്കാരെയും പൊതുജനങ്ങളെയും ശത്രുക്കളാക്കുകയല്ല, ഉത്തരവാദിത്തമുള്ള ഭരണകൂടം ചെയ്യേണ്ടത്. ഏകപക്ഷീയമായ  ഉത്തരവിലൂടെ ജീവനക്കാരുടെ അവകാശത്തെ കൈയേറ്റം ചെയ്യാനും ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാനുമാണ് ഭരണകൂടം ശ്രമിച്ചത്. ഇതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ നടത്തിയവരെ മീഡിയയില്‍ മോബ് ലിഞ്ചിങ്ങിന് വിധേയരാക്കി. ഏകാധിപത്യ ഉത്തരവിനെതിരില്‍  പ്രതിഷേധിച്ച അധ്യാപക ജീവനക്കാരെ സോഷ്യല്‍ മീഡിയകളില്‍ കടന്നാക്രമിക്കുകയായിരുന്നു രാഷ്ട്രീയ തിമിരം മൂത്ത ഇടത് സംഘടനകള്‍. ശമ്പളം ജീവനക്കാരന്റെ അവകാശമാണ്, വെട്ടിക്കുറക്കുന്ന ശമ്പളം എന്ത് ചെയ്യും എന്ന് ഉത്തരവിലില്ല, അധ്യാപക  ജീവനക്കാരുടെ അന്തസും ആത്മാഭിമാനവും മുഖവിലക്കെടുക്കണം എന്നീ കോടതി നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.

അസെറ്റ് സംസ്ഥാന ചെയര്‍മാന്‍ ഡോ. പി.കെ.സതീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ വല്ലപ്പുഴ, കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. ബഷീര്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് എം.എ. സിറാജുദ്ദീന്‍, ഹയര്‍ എജുക്കേഷന്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എസ്. അനസ് എന്നിവര്‍ സംസാരിച്ചു. അസെറ്റ് ജനറല്‍ കണ്‍വീനര്‍ കെ.ബിലാല്‍ ബാബു സ്വാഗതം ആശംസിച്ചു.

No comments