JHL

JHL

കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും അറിയാൻ പൊലീസിന്റെ കോവിഡ് 19 ഗൂഗിൾ മാപ്പ്; ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാസർകോട് ടൗൺ പൊലീസാണ് ഈ സംവിധാനം ഒരുക്കിയത്; കാസർകോട് നഗരസഭ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത്, മധൂർ പഞ്ചായത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് ബാധിത മേഖലകളാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

കാസർകോട്(True News 8 April 2020): കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും അറിയാൻ പൊലീസിന്റെ കോവിഡ് 19 ഗൂഗിൾ മാപ്പ്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാസർകോട് ടൗൺ പൊലീസാണ് ഈ സംവിധാനം ഒരുക്കിയത്. ഏതു സമയത്തും രോഗികളുടെയും കുടുംബാംഗങ്ങളുടെയും സമ്പർക്കത്തിലായവരുടെയും വീടുകളിലെത്താനും ആവശ്യമായ സഹായം ചെയ്യുന്നതിനുമാണ് കോവിഡ് 19 ഗൂഗിൾ മാപ്പ് തയാറാക്കിയത്.  മാപ്പിൽ ഓരോ പോയിന്റിലും തൊട്ടാൽ ഇവരുടെ പേരുകൾ വിലാസം സഹിതം തെളിഞ്ഞു വരും. 1500 ലേറെ ആളുകളുടെ വീടുകളുണ്ട്. വീടുകളുടെ പടങ്ങൾ കൂടി മാപ്പിൽ ഉൾപ്പെടുത്തുന്നുണ്ട്. മുൻപ് ആരോഗ്യ വകുപ്പ് തയാറാക്കിയ ഭൂപടവുമായി പൊലീസ് ഫീൽഡിൽ ഇറങ്ങിയപ്പോഴാണ് കിലോമീറ്ററുകളുടെ അന്തരമുണ്ടെന്നു ബോധ്യപ്പെട്ടത്. ഇതെ തുടർന്നാണ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സ്ഥലത്ത് ചെന്ന് അവരുമായി ഫോണിൽ സംസാരിച്ചു ലൊക്കേഷനുകൾ വാട്സാപ്പിൽ പകർത്തിയ ശേഷം പുതിയ മാപ്പ് തയാറാക്കിയത്.  സ്റ്റേഷനിലെ കംപ്യൂട്ടറിൽ ഓരോ വീടിന്റെയും സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം വരെ കോവിഡ് സ്ഥിരീകരിച്ച 49 പേരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമ്പർക്കത്തിലായവരുടെയും വീടുകളുടെ സ്ഥാനമാണ് പൊലീസ് വിവിധ സ്ക്വാഡുകളായി തിരിഞ്ഞു ചെന്ന് ശേഖരിച്ചത്. കാസർകോട് നഗരസഭ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത്, മധൂർ പഞ്ചായത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് ബാധിത മേഖലകളാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോട് സിഐ സി.എ.അബ്ദുൽ റഹിമാണ് ഈ ആശയത്തിനു രൂപം നൽകിയത്. എസ്ഐ പി.നളിനാക്ഷൻ, ജനമൈത്രി പൊലീസുകാരായ മധു കാരക്കടവത്ത്, എച്ച്.ആർ.പ്രവീൺ കുമാർ, കംപ്യൂട്ടർ വിഭാഗത്തിലെ കെ.വി.ഉമേഷ് കുമാർ, ആദർശ് ചെറുവത്തൂർ തുടങ്ങി ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മാപ്പ് ഒരുക്കിയത്. പൊലീസിന്റെ ആവശ്യത്തിനു മാത്രമായാണ് ഇതിന്റെ ഉപയോഗം.

No comments