JHL

JHL

ഗൾഫ് മേഖലകളിൽ നിന്ന് പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണം. തിരിച്ച് വരുന്നവർക്ക് നിരീക്ഷണ കാലയളവിൽ താമസ സൗകര്യം ഒരുക്കും. മുസ് ലിം ലീഗ്

കുമ്പള(True News 11 April 2020): ജീവിതം പച്ച പിടിപ്പിക്കാൻ ഉറ്റവരെയും വിട്ട് വർഷങ്ങളായി പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന നമ്മുടെ നാടുകളിലെ സഹോരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ അവർ ഏറെ ഭീതിയിലാണ്. ജീവന്മരണ പോരാട്ടത്തിനു നടുവിലാണ് പ്രവാസ ലോകത്തെ മലയാളികൾ ഇപ്പോഴുള്ളത്.കൊവിഡ് ഭീകരതാണ്ഡവമാടുമ്പോൾ ഗൾഫ് മേഖലകളിൽ ആവശ്യമായ മുൻകരുതലുകളും മലയാളികൾ സുരക്ഷിതരല്ലന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അതിനാൽ  കേരളത്തിൽ നിന്നുള്ള  പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഓൺലൈനിൽ ചേർന്ന  മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് നേതൃയോഗം  ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തിന്റെ നല്ലൊരു ശതമാനമാളുകളും ഗൾഫ് മേഖലകളിൽ ജോലിയുമായി കഴിഞ്ഞുകൂടുന്നവരാണ്. വിമാന സർവീസുകളടക്കം നിർത്തിവച്ചതിനെ തുടർന്ന്  അവരുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് വലിയൊരു ചോദ്യ ചിഹ്നമായി മാറിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ   കനിഞ്ഞാൽ മാത്രമേ പ്രവാസികളുടെ മടങ്ങിവരവ് സാധ്യമാകുകയുള്ളു. ഇത്തരം പ്രവാസികൾ നാട്ടിലെത്തിയാൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മാനേജ്മെന്റ് സ്കൂളുകൾ, സ്വകാര്യ കോളജുകൾ, മത സ്ഥാപനങ്ങൾ എന്നിവയിലടക്കം നിരിക്ഷണ കാലയളവിൽ മുസ് ലിം ലീഗ് അവർക്ക് താമസ സൗകര്യം ഒരുക്കുന്നതാണ്.
കർണാടക സർക്കാർ അതിർത്തി അടച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ കിട്ടാതെ പതിമൂന്ന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. വിഷയത്തിൽ സുപ്രീം കോടതിയടക്കം ഈടപ്പെട്ടതിനെ തുടർന്ന് അതിർത്തി തുറന്ന് കർശ്ശന ഉപാധികളോടെ  ആശുപത്രികളിലേക്ക്  രോഗികളെ കടത്തിവിടുന്നെങ്കിലും മംഗളൂ രൂവിലെ ആശുപത്രി അധികൃതർ മലയാളികൾക്ക്  ചികിത്സ നിഷേധിക്കുന്ന സമീപനമാണ് ഇപ്പോൾ  സ്വീകരിക്കുന്നത്. അതിനാൽ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, മംഗൽപ്പാടി, മഞ്ചേശ്വരം എന്നീ സി.എച്ച്.സികളിൽ ആവശ്യമായ വിദഗ്ധ ഡോക്ടർമാരെ നിയമിച്ച് മുഴു സമവും ഒ.പിയും ഐ.പിയും   ലഭ്യമാകുന്ന സാഹചര്യം ഒരുക്കണം. താലൂക്ക് ആശുപത്രിയായി ഉയർത്തിയ മംഗൽപ്പാടി സി.എച്ച്.സി യിൽ  ഇപ്പോഴും മെച്ചപ്പെട്ട ചികിത്സാ  സൗകര്യം ലഭ്യമല്ല. ഡോക്ടർമാരുടെ കുറവിനൊപ്പം അവശ്യമരുന്നുകൾ പോലും കിട്ടാനില്ലാത്ത സാഹചര്യമാണ്.കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച കാസർകോട് മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ 175 തസ്തികകൾ സൃഷ്ടിച്ചിരിക്കുകയാണ്.മെഡിക്കൽ കോളജ് ആശുപത്രി പൂർണ സജ്ജമാകാത്തതിനാൽ അധിക ഡോക്ടർമാരെ താൽകാലികമായി  ഉപ്പള സി.എച്ച്.സി യിൽ നിയമിച്ച് ആവശ്യമായ ഡോക്ടർമാരുടെ മുഴുവൻ ഒഴിവുകളും ഉടൻ നികത്തി താലൂക്ക് ആശുപത്രി പൂർണ്ണ സജ്ജമാക്കണം. കൊവിഡ് അടക്കമുള്ള വൈറസുകളും മറ്റു പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാനും നാടുകളിൽ തന്നെ സർക്കാർ തലത്തിൽ  മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കാൻ മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും  എഫ്.ഡബ്ല്യു.സികളിലും ആവശ്യത്തിന്  ഡോക്ടർമാരെ നിയമിച്ച് പ്രവർത്തന സജ്ജമാക്കണമെന്നും മുസ് ലിം ലീഗ് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.പ്രസിഡന്റ് ടി.എ. മൂസ അധ്യക്ഷനായി. ജന: സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. എം.സി. ഖമറുദ്ധീൻ എം.എൽ.എ, ജില്ലാ ഭാരവാഹികളായ അസീസ് മെരിക്കെ, വി.പി. അബ്ദുൽ കാദർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ്, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, അബ്ബാസ് ഓണന്ത, പി.എച്ച്. അബ്ദുൽ ഹമീദ്, എ.കെ. ആരിഫ്, എം.എസ്.എ സത്താർ, ഹമീദ് കുഞ്ഞാലി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

No comments