JHL

JHL

മംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്ക് പോയ മുഴുവൻ രോഗികളും ചികിത്സ കിട്ടാതെ മടങ്ങി ; സുപ്രീം കോടതി വിധിയെ തുടർന്ന് ഒരുപാട് കടമ്പകൾ കഴിഞ്ഞായിരുന്നു ഇവർ അതിർത്തി കടന്നത്; ഇനി ആരും മംഗളൂരുവിലേക്കില്ല

തലപ്പാടി (True News 12 April 2020): ആവശ്യമായ ചികിത്സകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ നാലുപേരാണ് ചികിത്സ തേടി മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ആവശ്യപ്പെട്ട ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് മൂന്ന് രോഗികള്‍ ആദ്യം ദിനം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ അവസാന രോഗി ഇന്നലെ രാത്രിയാണ് മടങ്ങിയത്. പരിയാരത്ത് ചികിത്സ തുടരാനാണ് ഉപ്പള സ്വദേശിയായ ഇയാളുടെ തീരുമാനം. 
അതിർത്തി കടന്ന രോഗികൾക്ക് നേരത്തെ ചികിത്സ നടത്തിയിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അതിർത്തിയിൽ നിന്ന് അനുവദിച്ചിരുന്നില്ല. ദേർളക്കട്ടയിലുള്ള കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിലേക്കാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്. ഇതോടെ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് രോഗികൾക്ക് അപകടമാണെന്ന് മനസ്സിലാക്കി ഇപ്പോൾ കേരളത്തിൽ തന്നെ ആശുപത്രിയെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുകയാണ് ജില്ലയിലെ രോഗികകൾ. 
വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിന് പിന്നാലെ കാല്‍നടയായി പോലും ആരും അതിര്‍ത്തി മറികടക്കാതിരിക്കാന്‍ മണ്‍കൂനക്ക് മുകളില്‍ മുള്‍ച്ചെടികള്‍ കര്‍ണാടക നിരത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കര്‍ണാടക കുട്ട ചെക്‌പോസ്റ്റിന് സമീപം മണ്ണിട്ട് ഗതാഗതം തടഞ്ഞിരുന്നു. ഈ മണ്‍കൂനക്ക് മുകളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുള്‍ച്ചെടികള്‍ കൊണ്ടിട്ടത്.

No comments