JHL

JHL

കാസറഗോഡ് ജനറൽ ആശുപത്രിക്ക് ചാരിതാർഥ്യം ; ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു

കാസറഗോഡ് (True News 28 April 2020):കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിയാണ് ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്. ജില്ലയിൽ ഇനി 12 കൊവിഡ് ബാധിതരാണ് ചികിത്സയിൽ ഉള്ളത്.
89 കൊവിഡ് ബാധിതരാണ് കാസറകോട് ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത്. 88 പേരും നാലു ദിവസം മുമ്പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അവസാന രോഗിയും കൊവിഡ് നെഗറ്റീവയതോടെ വീട്ടിലേക്ക് മടങ്ങി. ഇതോടെ ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡുകൾ ശൂന്യമായി.
ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണു നശീകരണം നടത്തിയ ശേഷം പഴയ നിലയിൽ പ്രവർത്തനം തുടങ്ങും. ഒരാഴ്ചക്കകം ശുചീകരണ പ്രവർത്തനം പൂർത്തിയാക്കി പൂർണതോതിൽ പ്രവർത്തനം തുടങ്ങാനാണ് നീക്കം. നിലവിലുള്ള പന്ത്രണ്ട് കൊവിഡ് രോഗികളിൽ 8 പേർ ഉക്കിനടുക്ക കൊവിഡ് പ്രത്യേക ആശുപത്രിലും നാലു പേർ ജില്ലാ ആശുപത്രിയിലുമാണ്.
ഇത് വരെ കാസർകോട് ജില്ലക്കാരായ 175 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 160 പേർക്കും രോഗം ഭേദമായി. 15 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ ഒരാൾ കണ്ണൂരിലാണ് ചികിത്സ തുടരുന്നത്. നിലവിൽ 2023 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്നത്.

No comments