JHL

JHL

മൊഗ്രാൽ ദേശീയവേദി ഒരുക്കിയ ഐസോലേഷൻ ഹോമിൽ കഴിഞ്ഞ നാലുപേരും വീട്ടിലേക്ക് മടങ്ങി

മൊഗ്രാൽ(True News 25 April 2020): ദുബായിലെ നൈഫിൽ നിന്ന് നാട്ടിലെത്തി നേരെ ആശുപത്രിയിലേക്ക് പോയ മൊഗ്രാലിലെ അബൂബക്കർ സിദ്ദീഖും, മൻസൂറും, രാകേഷും, നദീമും പരിശോധനയ്ക്ക് ശേഷം വീട്ടിൽ പോകാതെ മൊഗ്രാൽ ദേശീയവേദി ഒരുക്കിയ ഐസൊലേഷൻ വീട്ടിലാണ് തങ്ങിയത്. 4 പേരുടെയും ഫലം നെഗറ്റിവായിട്ട് പോലും നിരീക്ഷണ കാലാവധിയായ 28 ദിവസം പൂർത്തിയാക്കി തന്നെയാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.

 വീട്ടിൽ കഴിയുന്നവർക്ക് കരുതലും, സ്നേഹവുമായി ദേശീയ വേദി പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇവർക്കാവശ്യമായ ഭക്ഷണവും, വെള്ളവുമൊക്കെ ദേശീയവേദി പ്രസിഡൻറ് മുഹമ്മദ് അബ്‌കോയും, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ടും സമയാസമയം എത്തിക്കുകയും ചെയ്തു.

 ഗൾഫിൽ നിന്ന് വരുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ല, നാട്ടിൽ കറങ്ങി നടക്കുന്നു എന്ന വിമർശനങ്ങൾക്കിടയിലാണ് പ്രവാസികളെ  മാറോടണച്ച് ദേശീയവേദി മൊഗ്രാൽ ടൗണിൽ തന്നെ ഒരു വീട്ടിൽ ഐസൊലേഷൻ സംവിധാനമൊരുക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയവേദി ഗൾഫ് പ്രതിനിധി അബ്ദുൽ റഷീദ് ഒമാനാണ് മനോഹരമായ തന്റെ ഇരുനില വീട് ഇതിന് നൽകിയത്. ജില്ലയിലെ തന്നെ ആദ്യ ക്വാറന്റൈൻ ഹോം ആയ ഇതിന് ആരോഗ്യ വിഭാഗം അധികൃതരുടെ പൂർണമായ പിന്തുണയും ലഭിച്ചു. അവരും നിരന്തരമായി ഐസൊലേഷനിൽ കഴിയുന്നവരോടും, ദേശീയവേദി ഭാരവാഹികളുമായും ബന്ധപെട്ട് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. വീട് ആരോഗ്യവിഭാഗം സന്ദർശിക്കുകയും ചെയ്തിരുന്നു.

ദേശീയവേദിയുടെ ഈ കരുതലിനും, കൂട്ടായ്മയ്ക്കും ഒന്നും പകരമാവില്ലെന്ന് സൂചിപ്പിച്ചും, നന്ദി പറഞ്ഞുമാണ് നിറകണ്ണുകളോടെ സിദ്ദീഖും, മൻസൂറും, നദീമും, രാകേഷും വീട്ടിലേക്ക് മടങ്ങിയത്. ഇവരെ യാത്രയയക്കാനും, മധുരം നല്കാനും ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, ജനറൽ സെക്രട്ടറി എം എ മൂസ, വൈസ് പ്രസിഡണ്ട്‌ ടി കെ ജാഫർ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട് എന്നിവർ എത്തിയിരുന്നു.

ഫോട്ടോ: ഐസൊലേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ ദേശീയവേദി ഭാരവാഹികൾക്കൊപ്പം സെൽഫിക്ക്..

No comments