JHL

JHL

കാസറഗോഡിന് ആശ്വാസം ; 34 പേർ ഇന്ന് ആശുപത്രി വിടും

കാസറഗോഡ് (True News 12 April 2020): കാസർകോടിന് ഇന്ന് ആശ്വാസ ദിനം. കോവിഡ് രോഗം ഭേദമായ 34 പേര്‍ ഇന്ന് ആശുപത്രി വിടും. ജനറൽ ആശുപത്രിയിലുള്ള 26 പേരും ജില്ലാ ആശുപത്രിയിലുള്ള എട്ട് പേരും ഉച്ചയോടെ ഡിസ്ചാര്‍ജ് ആവും. ഇതോടെ കാസര്‍കോട് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 71 ആയി.
കാസര്‍കോട് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരുകയാണ്. പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്.
സോണ്‍ ഒന്നില്‍ തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളും സോണ്‍ രണ്ടില്‍ എരിയാല്‍, മഞ്ചത്തടുക്ക പ്രദേശങ്ങളും സോണ്‍ മൂന്നില്‍ അണങ്കൂര്‍, കൊല്ലംപാടി, ചാല പ്രദേശങ്ങളും സോണ്‍ നാലില്‍ ചെര്‍ക്കള, ചെങ്കള, ബെവിഞ്ച, തെക്കില്‍ ഫെറി, ചേരൂര്‍ പ്രദേശങ്ങളും സോണ്‍ അഞ്ചില്‍ കളനാട്, ചെമ്പിരിക്ക, നാലാംവതുക്കല്‍, ഉദുമ, മീത്തലെ മാങ്ങാട്, മുല്ലച്ചേരി, ഇയ്യാള എന്നീ പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഫ്‌ളൈയിങ് സ്‌ക്വാഡും ബൈക്ക് പട്രോളിങും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. കൂടാതെ കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ നിരീക്ഷണത്തിലുള്ള 10 വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.

No comments