JHL

JHL

കുമ്പള സർക്കാർ ആശുപത്രിയിൽ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തണം - മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 23 April 2020):: മഞ്ചേശ്വരം മണ്ഡലത്തിലെ തന്നെ രണ്ടാമത്തെ വലിയ പഞ്ചായത്തായ കുമ്പള ആരോഗ്യ മേഖലയിൽ നേരിട്ട് കൊണ്ടിരിക്കുന്ന അവഗണക്ക് പരിഹാരം കാണണമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളും ദിവസ വേതനത്തിന് ജോലിചെയ്യുന്നവരുമടക്കം  18000 ൽ പരം ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കിടത്തി ചികിത്സ പോലുമില്ലാത്തതാണ്. ഡോക്‌ടർമാരുടെ  നാമമാത്രമായ സേവനമാണ് ഇവിടെ ലഭ്യമാവുന്നത്. പ്രസവ സംബന്ധമായ ചികിത്സയോ ഗൈനക്കോളജിസ്റ്റിന്റെ സേവനമോ ഇവിടെ ലഭ്യമല്ല. വിദഗ്ധ ഡോക്‌ടർമാരുടെ സേവനം ഇല്ലാത്തതിനാൽ ഇവിടത്തെ രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇടവിട്ട ദിവസങ്ങളിൽ അനുവദിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടിക്രമം പുറത്തുവന്നിട്ടുണ്ടെങ്കിലും      കുമ്പള സി.എച്ച്.സിയെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അവഗണ മാത്രം പേറാൻ എന്തുതെറ്റാണ്   ചെയ്തിട്ടുള്ളതെന്ന് കുമ്പളയിലെ ജനങ്ങൾ ചോദിക്കുന്നു.
ഡയാലിസിസ് അടക്കമുള്ള വിദഗ്ധ ചികിത്സാ സംവിധാനവും അത്യാസന്ന ഘട്ടത്തിൽ എത്തുന്ന രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവും ഈ ആശുപത്രിയിൽ ഒരുക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

വിദഗ്ദരായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിച്ച് കുമ്പള സി എച്ച് സി യിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബഹു. ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. എം.എ മൂസ, എം.വിജയകുമാർ, എം.എം റഹ്മാൻ, ടി.കെ ജാഫർ, മുഹമ്മദ്‌കുഞ്ഞി ടൈൽസ്,ഇബ്രാഹിം ഖലീൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

No comments