JHL

JHL

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി തൊണ്ണൂറ്റി നാലാം വയസ്സിൽ അന്തരിച്ചു

 

തൃശ്ശൂർ: ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിർന്ന കവിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്കിത്തം വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.


കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.


ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീർത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012ലെ വയലാർ അവാർഡ്, 2016ലെ എഴുത്തച്ഛൻ പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്

No comments