JHL

JHL

കോവിഡ് ഒരാഴ്ചക്കിടെ നൂറിലധികം രോഗികൾ. മംഗൽപാടി പഞ്ചായത്തിൽ സ്ഥിതി ഗുരുതരം. ആശങ്കയിൽ ആരോഗ്യ വകുപ്പ്

ഉപ്പള (True News, Oct 3, 2020): മംഗൽപാടി പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രമാകുന്നു.പഞ്ചായത്തിൽ  രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്.  കഴിഞ്ഞ ഒരാഴ്ചക്കകം നൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴം വെള്ളി ദിവസങ്ങളിൽ മാത്രം അൻപതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ടുവരേയുള്ള ഒരാഴ്ചക്കിടയിൽ നൂറ്റിയൊന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പധികൃതർ ആശങ്കയിലായിരിക്കുകയാണ്. 

താലൂക്കിലെ ഫസ്റ്റ് ലൈൻ കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും അഭാവമാണ് ആരോഗ്യപ്രവർത്തകരെ  കുഴക്കുന്നത്. രോഗ ലക്ഷണങ്ങൾ സജീവമായവർക്ക്  മാത്രമാണ് ഇപ്പോൾ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ ചികിത്സയുള്ളത്. നേരിയ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയണം. രോഗം ഗുരുതരമായാൽ ചികില്സിക്കാനുള്ള ഐ സി യു വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യത്തിന് ഉക്കിനടുക്കയിൽ ഇല്ലാത്തതിനാൽ ഗുരുതര ലക്ഷണമുള്ളവരെ പരിയാരത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കാസർഗോട്ടെ സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും ഗുരുതരമായാൽ കണ്ണൂരിലേക്കു കൊണ്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. ഈ സാഹചര്യത്തിൽ രോഗം വ്യാപിക്കുന്നത് ജില്ലയിൽ വടക്കൻ പഞ്ചായത്തുകളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.കടുത്ത നിയന്ത്രണങ്ങളിലൂടെ രോഗ പകർച്ച തടയുന്നതിന് ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പോലീസും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വൻ ദുരന്തമാണ്    മഞ്ചേശ്വരം   താലൂക്കിനെ കാത്തിരിക്കുന്നത്.

രോഗ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യ സഹായം തേടാൻ മടിക്കുന്നുണ്ട്. കടുത്ത പനി ബാധിച്ചവർ പോലും ആശുപത്രികളിൽ പോകാൻ മടികാണിക്കുന്നു.. ആശുപത്രിയിൽ എത്തിയാൽ തന്നെ പലരും ആന്റിജൻ ടെസ്റ്റിന് തയ്യാറാകുന്നില്ല. താലൂക്കാശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ നിരവധി പേരാണ് ടെസ്റ്റിന് തയ്യാറാകാതെ ആശുപത്രിയിൽ നിന്നും മുങ്ങിക്കളഞ്ഞത്. പനി ബാധിച്ചവർ വിവരം മറച്ചുവെച്ചു ആരാധനാലയങ്ങളിലും കടകളിലും സർക്കാർ സ്ഥാപനങ്ങളിലും കയറിയിറങ്ങുന്നതായും നാട്ടുകാർ പറയുന്നു. സമൂഹം ഉണർന്നു പ്രവർത്തിച്ച്  സാമൂഹിക അകലം ഉറപ്പുവരുത്തി എന്ത് വിലകൊടുത്തും രോഗാവ്യാപനം തടയേണ്ടത് കോവിഡ് മരണം കുറക്കുന്നതിന് അത്യാവശ്യമാണ്. വരും ദിവസങ്ങളിലും മംഗൽപാടി പഞ്ചായത്തിൽ കോവിഡ് രോഗ വാപനം വർധിക്കുമെന്ന്  തന്നെയാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്.

 

No comments