JHL

JHL

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും തിരിച്ചു നൽകാനുള്ളത് 120 കോടി രൂപ. സ്ഥാപനത്തിന് സ്വർണം ഉൾപ്പെടെ ആകെയുള്ള ആസ്തി 10 കോടി മാത്രം. സുഹൃത്ത് 200 ഏക്കർ സ്ഥലം നൽകി കടം വീട്ടാൻ സഹായിക്കുമെന്ന് ഖമറുദ്ദീൻ.

കാസർകോട്(True News, Oct 2, 2020): മഞ്ചേശ്വരം എം എൽ   എ ,എംസി   ഖമറുദ്ദീൻ ചെയർമാനായ     ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും തിരിച്ചു നൽകാനുള്ളത് 120 കോടി രൂപ. സ്ഥാപനത്തിന് സ്വർണം ഉൾപ്പെടെ  ആകെയുള്ള ആസ്തി 10 കോടി മാത്രം. സുഹൃത്ത് 200 ഏക്കർ സ്ഥലം നൽകി കടം വീട്ടാൻ സഹായിക്കുമെന്ന് ഖമറുദ്ദീൻ. ലീഗ് നിയമിച്ച അന്വേഷണക്കമ്മീഷൻ സംസ്ഥാന നേതൃത്വത്തിനയച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇടപാടിൽ  എണ്ണൂറോളം പേർക്കായി ജൂവലറി അധികൃതർ നൽകാനുള്ളത് 120 കോടിയോളം രൂപയെന്ന് സൂചന. എന്നാൽ, ആസ്തിയായി മാനേജ്‌മെന്റിന്റെ കൈവശമുള്ളത് പത്ത് കോടി രൂപയിൽ താഴേയെന്നും അറിയുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഇതുസംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞദിവസം കൈമാറി.  

ഒരു അഭ്യുദയകാംക്ഷി 200 ഏക്കർ കൈമാറുമെന്നും അത് ഉപയോഗിച്ച് ബാധ്യതകൾ തീർക്കാനാകുമെന്നും ജൂവലറി ചെയർമാനും മഞ്ചേശ്വരം എം.എൽ.എ.യുമായ എം.സി.ഖമറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ സമിതിക്കുമുന്നിൽ ഹാജരാക്കിയില്ലെന്നാണറിയുന്നത്. അതുപോലെ പ്രശ്നം നടക്കുന്നതിനിടയിൽ സ്വന്തംപേരിലുള്ള സ്ഥലവും വീടും മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ മക്കളുടെ പേരിൽ മാറ്റിയതും റിപ്പോർട്ടിൽ പരാമർശിച്ചതായാണ് വിവരം. പാർട്ടി ഇടപെട്ട് നിക്ഷേപകരുടെ പ്രശ്നത്തിൽ ആറുമാസത്തിനകം പരിഹാരമുണ്ടാക്കുമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ആസ്തിയും ബാധ്യതയും സംബന്ധിച്ചുള്ള കണക്കെടുപ്പിൽ പ്രശ്നം തീർക്കാനുള്ള വഴികൾ തുറക്കുമെന്ന പ്രതീക്ഷയില്ലെന്നാണ് അറിയുന്നത്.  

 പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിനായി കാത്തിരിക്കുകയാണ് അന്വേഷണസമിതിക്ക് മുന്നിൽ കണക്ക് അവതരിപ്പിച്ച നിക്ഷേപകരിൽ പലരും. കോവിഡ് ബാധിച്ച് മംഗളൂരു ആസ്പത്രിയിൽ കഴിയുന്ന കല്ലട്ര മാഹിൻ ഹാജി കഴിഞ്ഞദിവസം പ്രത്യേക ദൂതൻവഴിയാണ് റിപ്പോർട്ട് പാണക്കാട്ട് എത്തിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി. ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് (എസ്.ഐ.ടി.) കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എ. എസ്.പി. വിവേക്‌കുമാർ, ഐ.ആർ. ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ എന്നിവരാണ് മറ്റംഗങ്ങൾ. 



No comments