JHL

JHL

അടുക്കയിൽ ജനകീയ സ്ഥാനാർത്ഥിയായി മുഹമ്മദ് എം.പി

കുമ്പള: കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മംഗൽപാടി പഞ്ചായത്തിലെ അടുക്ക (17) വാർഡിൽ നിന്ന് മുഹമ്മദ് എം പി.
     മൂന്നരപ്പതിറ്റാണ്ടോളം മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ജനസേവനം നടത്തിയ മുഹമ്മദ് എം പിയെയായിരുന്നു ബിജെപിയിൽ നിന്ന് വാർഡ് പിടിച്ചെടുക്കാനുള്ള അനുയോജ്യനായ സ്ഥാനാർത്ഥിയായി പ്രവർത്തകർ കണക്കാക്കിയിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയ സമയത്ത് പാർട്ടി പ്രവർത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി ഇവിടെ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുകയായിരുന്നുവത്രെ.
ഈ സംഭവത്തിൽ പ്രതിഷേധിച്ച് നൂറോളം പ്രവർത്തകരോടൊപ്പം മുഹമ്മദ് എം പി മുസ്ലിം ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് നൽകി സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു.
രാജിക്കത്ത് നൽകുകയും അത് പാർട്ടി സ്വീകരിക്കുകയും ചെയ്തതിന് ശേഷം പിന്നീട് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് മുഹമ്മദ് എം പി കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
        ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ഇന്നും മുഹമ്മദ് എം പി നാട്ടുകാരോടൊപ്പമുണ്ട്. അഡ്ക്ക കുടുംബക്ഷേമ കേന്ദ്രം അംഗം കൂടിയായ ഇദ്ദേഹം ഇവിടെ ഒരു സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നാട്ടിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിജയിച്ചു. ബന്തിയോട് ടൗണിലെ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും അപകട സാധ്യതയുള്ള മരങ്ങളെ വെട്ടിമാറ്റുന്നതിനും എംപി മുഹമ്മദിന്റെ ഇടപെടലിലൂടെയാണ് സാധിച്ചത്. മരം മുറിക്കുന്നതിന് കെ എസ് ഇ ബിക്ക് ഫോറസ്റ്റ് അധികൃതരിൽ നിന്നുണ്ടായ തടസത്തെ മുഹമ്മദ് ഇടപെട്ടാണ് നീക്കിയത്. മരം മുറിക്കാനുള്ള അനുമതി ഇദ്ദേഹമാണ് കെ എസ് ഇ ബിക്ക് തരപ്പെടുത്തിക്കൊടുത്തത്. കുടിവെള്ള പദ്ധതികൾ, സാമൂഹികക്ഷേമ പെൻഷനുകൾ, റോഡ് വികസനം തുടങ്ങി എം പി മുഹമ്മദ് മുൻകൈയ്യെടുത്ത് പ്രദേശത്ത് വളരെയധികം പ്രവർത്തനങ്ങൾ കാഴ്ച വച്ചതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.  വിജയിച്ചാൽ വാർഡിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്താനുണ്ടെന്ന് മുഹമ്മദ് എം പി പറയുന്നു.
        എം പി മുഹമ്മദിന്റെ സ്ഥാനാർത്ഥിത്വം മുസ്ലിം ലീഗിനെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം 27 വോട്ടുകൾക്ക് ജയിച്ച ബി ജെ പിയെയും ഒരു പോലെ ആശങ്കയിലാക്കിയിട്ടുണ്ട്.
നാടിന്റെ വികസനത്തിന് ഓട്ടോറിക്ഷ അടയാളത്തിൽ വോട്ട് നൽകി തന്നെ വിജയിപ്പിക്കണമെന്ന് മുഹമ്മദ് എം പി നാട്ടുകാരോട് അഭ്യർത്ഥിച്ചു.
  ഹമീദ് സി എ, മുഹമ്മദ് ഹനീഫ്, ഇബ്രാഹിം പെർള എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


No comments