JHL

JHL

സത്യപ്രതിജ്ഞ ഇന്ന്; കുമ്പള ലീഗ് ഭരിക്കും ?

കുമ്പള (True News 21 December 2020): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. യുഡിഎഫിനും ബിജെപിക്കും തുല്യമായ സീറ്റുകൾ ലഭിച്ച കുമ്പള പഞ്ചായത്തിൽ മുസ്ലിം ലീഗ് ഭരണത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായി. ഒമ്പതു വീതം സീറ്റുകളാണ് യു ഡി എഫിനും ബിജെപിക്കുമുള്ളത്.
23 വാർഡുകളിൽ ഒരു സീറ്റ് എസ് ഡി പി ഐ ക്കും രണ്ടു വീതം സീറ്റുകൾ എൽ ഡി എഫിനും സ്വതന്ത്രർക്കുമാണുള്ളത്.
          ഇതിൽ പത്തൊമ്പതാം വാർഡിൽ നിന്ന് മുസ്ലിം ലീഗ് റിബലായി മത്സരിച്ചു ജയിച്ച കൗലത്ത് ബീവിയുടെ നിരുപാധിക പിന്തുണയോടെയായിരിക്കും മുസ്ലിം ലീഗ് അധികാരത്തിൽ വരിക. അതിനിടെ ബി ജെ പി അധികാരത്തിലെത്തുന്നത് തടയാൻ ആവശ്യമെങ്കിൽ മറ്റു ചില അംഗങ്ങളും ലീഗിനെ പിന്തുണക്കാമെന്ന സന്നദ്ധത അറിയിച്ചതായാണ് വിവരം.
       അതിനിടെ സത്യപ്രതിജ്ഞക്കു ശേഷം ബി ജെ പി അംഗങ്ങൾ യോഗം ചേർന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുകുമെന്നാണ് ലഭിച്ച സൂചന. ബത്തേരിയിൽ (22) നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യ എൻ. പൈ ആയിരിക്കും ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി എന്നും സൂചനയുണ്ട്. ഒമ്പതു സീറ്റുള്ള ബിജെപിക്ക് ഭരണത്തിലേറാൻ ഒരു അംഗത്തിന്റെ പിന്തുണ കൂടി ആവശ്യമുണ്ട്. നിലവിലുള്ള സ്വതന്ത്ര അംഗങ്ങളോ എൽ ഡി എഫ് അംഗങ്ങളോ എസ്ഡിപിഐ അംഗമോ ബിജെപിയെ പിന്തുണക്കില്ലെന്ന കാര്യം ഉറപ്പാണ്.
എന്നാൽ യു ഡി എഫിൽ നിന്ന് ഒരു കോൺഗ്രസ് അംഗത്തെ അടർത്തിയെടുക്കാനായാൽ ബിജെപിക്ക് ഭരണസമിതി രൂപീകരിക്കാനുള്ള വഴി തുറക്കും. അത്തരം ഒരു നീക്കത്തിനാവും ബി ജെ പി മുതിരുകയെന്നും പറയപ്പെടുന്നു.

No comments