JHL

JHL

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ

തിരുവനന്തപുരം (True News 17 December 2020):സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷക്ക് മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതല്‍.

കോളജുകള്‍ ജനുവരി 1ന് തുറക്കും. അവസാന വർഷ ബിരുദ, പി ജി ക്ലാസുകളാണ് ജനുവരി ഒന്ന് മുതൽ ആരംഭിക്കുക. പകുതി വീതം വിദ്യാർഥികളെ വെച്ചായിരിക്കും ക്ലാസുകൾ. രാവിലെയും ഉച്ചക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്ന് മുതല്‍ സ്കൂള്‍ തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങും സ്കൂള്‍ തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments