JHL

JHL

മംഗളൂരു പമ്പ്‌വെല്ലിൽ ലോറി പൊട്ടിത്തെറിക്കുന്നതായി വീഡിയോ ; പരിഭ്രാന്തരായി നാട്ടുകാർ

മംഗളൂരു(True News 8 December 2020): ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ സന്ദേശം മംഗളൂരുവിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചത്. മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിൽ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായി എന്നരീതിയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിമിഷനേരത്തിനകം ഈ വീഡിയോ നാടൊട്ടാകെ പ്രചരിച്ചു.
കേരളത്തിൽനിന്നുപോലും മംഗളൂരുവിലെ ബന്ധുക്കളെ തേടി ഫോൺകോളുകളെത്തി. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ വികാസ് കുമാർ വികാസ് തക്കസമയത്ത് ഇടപെട്ട് വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി. പുണെ-ബെംഗളൂരു ദേശീയപാതയിൽ പുണെ വർജെ മേൽപ്പാലത്തിൽ കഴിഞ്ഞദിവസം ഭക്ഷ്യവസ്തുക്കളുമായി കോലാപ്പൂരിലേക്ക് പോവുകയായിരുന്ന കൺടെയ്‌നർ ലോറി തീപ്പിടിച്ച് പൊട്ടിത്തെറിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് മംഗളൂരു പമ്പുവെല്ലിൽ നടന്നതെന്ന വ്യാജേന പ്രചരിപ്പിക്കപ്പെട്ടതെന്ന് കമ്മിഷണർ സമൂഹമാധ്യമങ്ങൾ വഴിതന്നെ പ്രചരിപ്പിച്ചു. പുണെ അപകടത്തിന്റെ വാർത്തയും ദൃശ്യങ്ങളും സഹിതമാണ് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ നിജസ്ഥിതി പ്രചരിപ്പിച്ചത്.

ഇതോടെയാണ് ജനങ്ങളുടെ ആശങ്കയകന്നത്. പുണെ വർജെ മേൽപ്പാലത്തിന്റെയും പമ്പുവെൽ മേൽപ്പാലത്തിന്റെയും ദൃശ്യങ്ങൾക്ക് സമാനതകൾ ഏറെയായിരുന്നു. ഇതാണ് അപകടം നടന്നത് മംഗളൂരുവിലാണെന്ന പ്രചാരണത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.


No comments