JHL

JHL

കാഞ്ഞങ്ങാട് ഔഫ് വധം കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

കാഞ്ഞങ്ങാട്(True News 25 December 2020):കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ വധക്കേസിലെ ഒന്നാം പ്രതി ഇർഷാദിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ കാസർകോട്  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 ഔഫിനെ കുത്തിയത് താനാണെന്ന് ഇർഷാദ് പൊലീസിന് മൊഴി നൽകി. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്ദുറഹ്മാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തിൽ രക്തം വാർന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇർഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു.

അബ്ദുറഹ്മാനെ കുത്തിയത് ഇർഷാദ് ആണെന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇസ്‍ഹാഖും പൊലീസിന് മൊഴി നൽകി. കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനായ ഹാഷിറും സംഘടത്തോടൊപ്പമുണ്ടായിരുന്നുവെന്ന ഇസ്‍ഹാഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹാഷിറിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊലീസിന്‍റെ നിഗമനം. വിലാപ യാത്രയെ തുടർന്ന് ഇന്നലെ രാത്രി കല്ലൂരാവിയിലും പരിസരങ്ങളിലും ലീഗ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നിരുന്നു.

അതേസമയം, ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തു. സംഘടന കാഞ്ഞങ്ങാട് മുൻസിപ്പൽ  സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇർഷാദിനെ സസ്പെൻറ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു. ഇർഷാദിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന്  പ്രാഥമിക അന്വേഷണത്തിൽ പാർട്ടിക്ക് ബോധ്യപ്പെട്ടെന്ന്  സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണെന്നും പി കെ ഫിറോസ് പറഞ്ഞു. 

No comments