JHL

JHL

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ വോട്ടർക്ക് ബി എൽ ഒ നേരിട്ട് നോട്ടിസ് നൽകണം

കാസർകോട് (True News 25 December 2020) : നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ബൂത്ത് ലെവൽ ഓഫിസർ വോട്ടർക്ക് നേരിട്ട് നോട്ടിസ് നൽകി ഒപ്പിട്ട് വാങ്ങണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ കെ.ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. വോട്ടറെ പങ്കെടുപ്പിച്ച് ഹിയറിങ് നടത്തണം. മരിച്ച വോട്ടറെ പട്ടികയിൽ നിന്നു നീക്കുന്നതിൽ മാത്രമേ ഈ മാനദണ്ഡത്തിൽ ഇളവുള്ളൂ. 18 തികഞ്ഞവരെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനുള്ള തീയതി 31 ആണ്. 

 മുപ്പതിനായിരത്തിലേറെ പേരെ ചേർക്കാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അന്തിമ വോട്ടർ പട്ടികയിൽ മണ്ഡലത്തിലെ പ്രമുഖ വ്യക്തികൾ, സെലിബ്രിറ്റികൾ എന്നിവർ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ പ്രത്യേക നിർദേശിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടർമാർ ഉണ്ടെന്നും ഉറപ്പാക്കണം. ഒരേ വോട്ടർക്ക് ഒന്നിലേറെ വോട്ടുണ്ടെങ്കിൽ പരിശോധിച്ചറിയാൻ സാധിക്കുമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു.  രാഷ്ട്രീയ പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് ബിഎൽഒമാരുടെ പ്രവർത്തനങ്ങളെ സഹായിക്കണം. കിടപ്പുരോഗികൾക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തണമെന്നും തപാൽ വോട്ടുകൾ കൂടുതലായി അസാധുവാകുന്നതിനാൽ തപാൽ വോട്ട് രേഖപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിശീലനം നൽകണമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.

എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.കുഞ്ഞമ്പു നമ്പ്യാർ (കോൺഗ്രസ്), മൂസ ബി.ചെർക്കള (മുസ്‌ലിം ലീഗ്), കെ.എ മുഹമ്മദ് ഹനീഫ (സിപിഎം), വി.രാജൻ (സിപിഐ), മനുലാൽ മേലോത്ത് (ബിജെപി), കൂക്കൾ ബാലകൃഷ്ണൻ (ആർഎസ്പി), ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ എ.കെ.രമേന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി വാഹനം നാളെ കലക്ടറേറ്റ് വെയർ ഹൗസിൽ എത്തും.

No comments