JHL

JHL

ജില്ലാ പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30-ന്

കാസർകോട് (True News 22 December 2020): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തിങ്കളാഴ്ച രാവിലെ വരണാധികാരികൾക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉദുമ ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം ഗീതാ കൃഷ്ണന് വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് ഡിവിഷൻ ക്രമനമ്പർ അനുസരിച്ച് അംഗങ്ങളായ കമലാക്ഷി (വൊർക്കാടി), നാരായണ നായിക്ക് (പുത്തിഗെ), എം. ഷൈലജ ഭട്ട് (എടനീർ), പി.ബി. ഷഫീക്ക് (ദേലംപാടി), അഡ്വ.എസ്.എൻ. സരിത (ബേഡകം), ഷിനോജ് ചാക്കോ (കള്ളാർ), ജോമോൻ ജോസ് (ചിറ്റാരിക്കൽ), കെ. ശകുന്തള (കരിന്തളം), എം. മനു (പിലിക്കോട്), സി.ജെ. സജിത് (ചെറുവത്തൂർ), ബേബി ബാലകൃഷ്ണൻ (മടിക്കൈ), ബി. എച്ച്. ഫാത്തിമത്ത് ഷംന (പെരിയ), ഷാനവാസ് പാദൂർ (ചെങ്കള), ജാസ്മിൻ കബീർ ചെർക്കളം (സിവിൽ സ്റ്റേഷൻ), ജമീല സിദ്ദിഖ് (കുമ്പള), ഗോൾഡൺ അബ്ദുൾ റഹിമാൻ (മഞ്ചേശ്വരം) എന്നിവർക്ക് ഗീതാ കൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കമലാക്ഷി, നാരായണ നായിക്ക്, എം. ഷൈലജ ഭട്ട് എന്നിവർ കന്നഡയിലും പി.ബി. ഷഫീക്ക്, ജമീല സിദ്ദിഖ് എന്നിവർ ഇംഗ്ലീഷിലും മറ്റുള്ളവർ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അംഗങ്ങളെ സഹായിച്ചു.

കോവിഡ് നിയന്ത്രണം പാലിച്ച് മാസ്‌കും ഗ്ലൗസും ധരിച്ചാണ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തത്.

ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മുൻ എം.പി. പി. കരുണാകരൻ, മുൻ എം.എൽ.എ.മാരായ കെ.പി. സതീഷ് ചന്ദ്രൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, നേതാക്കളായ കെ.വി. കൃഷ്ണൻ, ടി. കൃഷ്ണൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്,ലോക്‌താന്ത്രിക്ക്‌ ജനതാദൾ ജില്ലാ സെക്രട്ടറി വി.വി.കൃഷ്ണൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് എം. അനന്തൻ നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭരണസമിതി ആദ്യയോഗം ചേർന്നു.

ഗീതാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 30-ന് രാവിലെ 11-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിനും നടക്കും.


No comments