JHL

JHL

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: മുഖ്യമന്ത്രിക്കും പൊലീസ് സൂപ്രണ്ടിനും നിവേദനം നൽകി

തൃക്കരിപ്പൂർ(True News 31 December 2020): ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ചന്തേര ടി.കെ.പൂക്കോയ തങ്ങളെയും  കമ്പനിയുടെ മറ്റു ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായ നിക്ഷേപകരിൽ നൂറിലേറെ പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും പൊലീസ് സൂപ്രണ്ടിനും നൽകി.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടയിലാണ് കഴിഞ്ഞ ദിവസം നേരിൽ കണ്ട് നിവേദനം നൽകിയത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ജ്വല്ലറി ഡയറക്ടർമാർക്ക് കൂടി പങ്കാളിത്ത്വമുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. പൂക്കോയ തങ്ങളുടെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷട്രീയ സ്വാധീനമുണ്ടെന്നാണ് ഇവരുടെ ആക്ഷേപം.
രണ്ടാം  പ്രതിയായ എം.സി.ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്ത ശേഷം  ഒളിവിൽ പോയ പൂക്കോയ തങ്ങളെ  കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങളുടെ  അറസ്റ്റ് വൈകുന്നതോടൊപ്പം നിക്ഷേപ തട്ടിപ്പ് കേസിലെ കുറ്റപത്ര സമർപ്പണം നീണ്ടു പോവുകയാണ്.
ഫാഷൻ ഗോൾഡ് പയ്യന്നൂർ ശാഖ നടത്തിപ്പു ചുമതലക്കാരനും ഡയറക്ടർമാരിൽ ഒരാളുമായ ഹാരീസ് അബൂബക്കറിന്റെ  വീട്ടിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങുകയാണ് നിക്ഷേപകർ.
ജ്വല്ലറിയിലെ ഡയറക്ടർമാരെക്കൂടി പ്രതി ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് ഡയറക്ടർമാരിൽ പലർക്കും അറിയാമായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.

No comments