JHL

JHL

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കാസർകോട് (True News 11 December 2020):  ജില്ല പോളിങ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ‌38 പഞ്ചായത്തുകളും 6 ബ്ലോക്ക് പഞ്ചായത്തുകളും 3 നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ ജില്ലയിലെ 48 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.  ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡി. സജിത്ത് ബാബു, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ എ.കെ. രമേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 80 ഓളം ജീവനക്കാരാണ് ഒരു മാസത്തിലേറെയായി ഇതിനു ചുക്കാൻ പിടിക്കുന്നത്. ‌രാവിലെ 10 മുതൽ സജീവമാകുന്ന ഓഫിസിന്റെ പ്രവർത്തനം ചിലപ്പോൾ അർധരാത്രി വരെ നീളാറുണ്ട്. അതതു ദിവസം ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് ഇവർ 

 

 

ഓഫിസിൽ നിന്ന് ഇറങ്ങുന്നത്.  ചെലവ് നിരീക്ഷണം, പൊതുസ്ഥലത്ത് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യുന്ന ഡിഫേസ്മെന്റ് സ്ക്വാഡ്, മെറ്റീരിയൽസ് വിഭാഗം എന്നിങ്ങനെ ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപു തന്നെ ഇവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു.  രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗങ്ങൾ ഒന്നിലറെ തവണ നടത്തി. കഴിഞ്ഞ നവംബർ 6 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കൺട്രോൾ റൂം തുറന്ന് ഒരുക്കങ്ങൾ തകൃതിയാക്കി. ‌സാധാരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേതിനേക്കാൾ കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ ജോലി ഭാരം കൂടുതലായിരുന്നു.  കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വീടുകളിലെത്തിക്കുന്നതു മുതൽ വോട്ടെടുപ്പ് ദിവസം വോട്ടർമാർക്ക് സാനിറ്റൈസർ നൽകാനുള്ള സൗകര്യം വരെ ഒരുക്കേണ്ടി വന്നു. സാനിറ്റൈസർ നൽകാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും ബൂത്തുകൾ തോറും സ്പെഷ്യൽ പോളിങ് ഓഫിസറെ നിയമിച്ചു കഴിഞ്ഞു.  വോട്ടിങ് മെഷീനുകളിൽ ചിഹ്നവും സ്ഥാനാർഥികളുടെ പേരും പതിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇന്നത്തോടെ ഇതു പൂർത്തിയാകും. അതിനു ശേഷം വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റും. ജില്ലയിൽ 8 വിതരണ കേന്ദ്രങ്ങളാണുള്ളത്. ‌13 ന് വരണാധികാരികൾ പോളിങ് ഓഫിസർമാർക്കു വോട്ടിങ് മെഷീനുകൾ കൈമാറുന്നതോടെ ഒരുക്കങ്ങൾ പൂർത്തിയാകും. ‌ഇതോടെയും തീർന്നില്ല ഇവരുടെ ജോലി.  പോളിങിന്റെയും വോട്ടെണ്ണലിന്റെയും സമ്പൂർണ നിയന്ത്രണം ഇവിടെ നിന്നാണ്. വോട്ടെടുപ്പ് ഫലം വന്ന ശേഷം സ്ഥാനാർഥികളുടെ വരവ്- ചെലവ് കണക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.


No comments