JHL

JHL

കഞ്ചാവും ഹാഷിഷ് ഓയിലുമായി കാസര്‍ഗോഡ് സ്വദേശികൾ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്( True News 26 December 2020): കഞ്ചാവും ഹാഷിഷ് ഓയിലുമായി കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേര്‍ കൊടുവള്ളി പൊലിസിന്റെ പിടിയിലായി.
ഉപ്പള പൈവളിഗ ചിപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുള്‍ മുനീര്‍ (31), ഉപ്പള ഗുരുഢപ്പദൗ സുംഗതകട്ട വീട്ടില്‍ മന്‍സൂര്‍ (30) എന്നിവരാണ് പിടിയിലായത്. ആറ് കിലോഗ്രാം കഞ്ചാവും അര കിലോയിലധികം ഹഷീഷ് ഓയിലുമായി നരിക്കുനി കുമാരസ്വാമി റോഡ് ജംഗ്ഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി കൊടുവള്ളി പോലീസും ഡാന്‍സാഫ് (DANSAF) അംഗങ്ങളും ചേര്‍ന്ന് ഇരുവരെയും പിടികൂടിയത്. 

ഇവര്‍ സഞ്ചരിച്ച മാരുതി കാറും പിടിച്ചെടുത്തു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് കേരളത്തിലാകമാനം സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നും മാരക ലഹരി മരുന്നുകള്‍ എത്തുന്നത് തടയുന്നതിന്, പൊലീസ്  ലഹരി വിരുദ്ധ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്.

കാസര്‍ഗോഡ് രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറില്‍ വന്‍തോതില്‍ മയക്ക് മരുന്നുമായി വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നരിക്കുനി-കുമാരസ്വാമി റോഡ് ജംഗ്ഷനടുത്ത് വച്ച് രാത്രി 11.30 മണിയോടെ വന്ന മാരുതി കാര്‍ പൊലീസ് ജീപ്പ് ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. മുമ്പും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് മൊത്തക്കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്തതില്‍ വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് 20 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസര്‍ഗോഡ് സ്വദേശികളെയും കാറും പേരാമ്പ്ര പൊലീസ് പിടികൂടിയിരുന്നു. 

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പ്രിഥ്വിരാജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍, കൊടുവള്ളി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ എന്നവരുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി എസ് ‌ഐ സായൂജ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, സി എച്ച് ഗംഗാധരന്‍, എസ്എസ്‌ഐ ഷിബില്‍ ജോസഫ്, രാജീവന്‍, സിപിഒ മനോജ്, സജീവ്, ബിജു, നൂര്‍മുഹമ്മദ്, ദില്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ആന്ധ്ര, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളില്‍ മലയാളികളുടെ മേല്‍നോട്ടത്തില്‍ കഞ്ചാവ് വാറ്റി ഓയിലുകളും, പേസ്റ്റുകളും തയ്യാറാക്കിയതും, ടണ്‍ കണക്കിന് കഞ്ചാവും കാസര്‍ഗോഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി മൊത്തക്കച്ചവടക്കാരുടെ അടുത്തു നിന്നും സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വില്‍പനക്കാര്‍ക്ക് അവരുടെ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് രീതി. റിസ്‌കില്ലാതെ ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ കൈയില്‍ മയക്കുമരുന്ന് എത്തുന്നതിനാലാണ് കാസര്‍ഗോഡ് ടീമിനോട് പ്രാദേശിക മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് താല്‍പര്യം. വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മയക്കുമരുന്നു റെയ്ഡുകളും അറസ്റ്റുകളും നടത്തി ലഹരിമരുന്ന് പിടിച്ചെടുക്കാനാണ് കോഴിക്കോട് റൂറല്‍ പൊലീസിന്റെ തീരുമാനം. പിടിച്ചെടുത്ത മയക്കുമരുന്നിന് പുതുവല്‍സര ലഹരി മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപയോളം വില വരും.

No comments