JHL

JHL

നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയം ഫെബ്രുവരിയില്‍:പ്രതീക്ഷയില്‍ കായികലോകം

 
 നീലേശ്വരം (True News 28 December 2020) : ജില്ലയുടെ കായികസ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയം 2021 ഫെബ്രുവരിയോടെ ഒരുങ്ങും. നിലവിൽ സ്റ്റേഡിയത്തിന്റെ 80 ശതമാനത്തിലധികം പണി പൂർത്തിയായി. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോൾ കളിസ്ഥലം, ആറു ലൈനുകളായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഗാലറി സൗകര്യങ്ങളോടുകൂടിയ വോളിബോൾ- ബാസ്കറ്റ്‌ബോൾ കോർട്ട്, മൂന്ന് നിലകളിലായുള്ള പവലിയൻ കെട്ടിടം, നീന്തൽക്കുളം തുടങ്ങി ആധുനിക സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയം ഒരുങ്ങുന്നത്. കെട്ടിടത്തിൽ കളിക്കാർക്കും സാങ്കേതികവിദഗ്ധർക്കും വി.ഐ.പി.കൾക്കും മാധ്യമപ്രവർത്തകർക്കും കളികാണാനായി പ്രത്യേക സൗകര്യമുണ്ട്. 
 നീലേശ്വരം-എടത്തോട് റോഡിൽ പുത്തരിയടുക്കത്തെ ബ്ലോക്ക് ഓഫീസിന് മുൻവശത്തുള്ള ഏഴേക്കറിലാണ് സ്റ്റേഡിയം. ഗാലറിയടങ്ങുന്ന കെട്ടിടത്തിന്റെ പണിയും ഫുട്‌ബോൾ മൈതാനത്ത് എട്ട് ഫ്ളഡ്‌ലിറ്റ്, ബാസ്കറ്റ് ബോൾ കോർട്ടിൽ നാല് ഫ്ളഡ്‌ലിറ്റ് എന്നിവ സ്ഥാപിക്കലും ഫുട്‌ബോൾ മൈതാനത്തിലെ പുല്ല് നട്ട് പിടിപ്പിക്കലും ഇതിനോടകം പൂർത്തിയായി. കൂടാതെ നീന്തൽക്കുളത്തിന്റെ പണിയും പൂർത്തീകരിച്ചു. 

ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ അംഗീകാരം നേടിയ ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണിത്. ഇനി സിന്തറ്റിക് ട്രാക്കിന്റെയും വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകളുടെയും പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. ഇതിന് വിദഗ്‌ധസംഘം എത്തിയാലുടൻ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കിറ്റ്‌കോ സൈറ്റ് എൻജിനീയർ എ.വി.ബബിത പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതിനാൽ പണിയുടെ വേഗം കുറഞ്ഞിരുന്നു. 

ഫുട്‌ബോൾ മൈതാനം, നീന്തൽക്കുളം എന്നിവയുടെ കരാർ കോയമ്പത്തൂരിലെ വേൽസ് എൻജിനീയേഴ്‌സും വോളിബോൾ, ബാസ്കറ്റ് ബോൾ, ട്രാക്ക് എന്നിവ ഡൽഹിയിലെ സാൻകോർട്ട് കമ്പനിയുമാണ് ഏറ്റെടുത്തത്. സ്റ്റേഡിയത്തിലേക്ക് ആവശ്യമായ വെള്ളത്തിന് കുഴൽക്കിണറും കുഴിച്ചിട്ടുണ്ട്. പാലായി ഷട്ടർ കം ബ്രിഡ്ജ് വരുന്നതോടെ ഇവിടേക്ക് ആവശ്യമായ വെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 2017-ലെ സർക്കാരിന്റെ ബജറ്റിലാണ് പദ്ധതിക്കായി 17.04 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയത്. 2018 മേയ് മാസത്തിലാണ് സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നടന്നത്.

സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള എക്സൈസ് ഓഫീസിന്റെ മതിൽ ട്രാക്കിന്റെ സമീപത്തുകൂടി കടന്നുപോകുന്ന പ്രശ്നം നിലവിലുണ്ട്. ഈ ഭാഗത്ത് മതിൽ പൊളിച്ച് ട്രാക്കിന് തടസ്സമില്ലാത്ത രീതിയിൽ കെട്ടുന്നതിന് എക്സൈസ് അധികൃതർക്ക് അപേക്ഷ നൽകിയതുമാണ്. എന്നാൽ നാളിതുവരെയായിട്ടും എക്സൈസ് വകുപ്പ് അതിനുള്ള അനുമതി നൽകിയിട്ടില്ല. 

ഒപ്പം നീന്തൽക്കുളം സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്ത് പാലായി റോഡിൽനിന്ന്‌ വഴിയൊരുക്കേണ്ടതുമുണ്ട്. 

അതിനായി റവന്യൂ അധികൃതരാണ് മുൻകൈയെടുക്കേണ്ടത്. ഈ രണ്ടു നടപടികളും വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യമുയരുന്നുണ്ട്.No comments