JHL

JHL

17 കോടി ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ എട്ടുവയസ്സുകാരനെ പോലീസ് കണ്ടെത്തി

മംഗളൂരു(True News 20 December 2020): ബെൽത്തംഗടിയിൽ  മുത്തച്ഛനൊപ്പം നടക്കുകയായിരുന്ന എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തേയും കുട്ടിയേയും ശനിയാഴ്‌ച പുലര്‍ച്ചെ കോളാറില്‍ നിന്ന് പോലീസ് പിടികൂടി. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അശ്വത്തക്കട്ടയിലെ വ്യാപാരി ബിജോയ് ഏജന്‍സീസ് ഉടമ ബിജോയുടെ മകന്‍ അനുഭവിനെയാണ് കോളാര്‍ ജില്ലയില്‍ കൂമ ഹൊസഹള്ളിയില്‍ മഞ്ചുനാഥ് എന്നയാളുടെ വീട്ടില്‍ കണ്ടെത്തിയത്. മംഗളൂരു പൊലീസ് പ്രത്യേക സംഘം കോളാര്‍ ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഢിയുടെ സഹകരണത്തോടെയാണ് പിടികൂടിയത്.
മാണ്ട്യയിലെ ഗംഗാധര്‍, ബംഗളൂരു സ്വദേശികളായ കോമള്‍, മഹേശ്, വീട്ടുടമ മഞ്ചുനാഥ് എന്നിവരെയും കുട്ടിയേയും ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഘം കുട്ടിയുമായി കോളാറില്‍ എത്തിയത്.
തട്ടിക്കൊണ്ടുപോയ ശേഷം 17 കോടി രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാം എന്ന് പറഞ്ഞ് ബിജോയുടെ ഭാര്യ സറിയയെ ഫോണില്‍ വിളിച്ചിരുന്നു. ആ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് ടവര്‍ പിന്തുടര്‍ന്നാണ് പൊലീസ് കോളാറിലെത്തിയത്. കുട്ടിയുടെ മുത്തച്ഛന്‍ എ കെ ശിവന്റെ പരാതിയിലാണ് ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നടക്കാനിറങ്ങി തിരിച്ചുവരുമ്ബോള്‍ വീട്ടിന്റെ ഗേറ്റിനടുത്ത് നേരത്തെ റോഡരികില്‍ നിറുത്തിയിട്ട വെളുത്ത കാറില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിവന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞത്.

No comments