JHL

JHL

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജേ പിക്ക്‌ മുന്നേറ്റം. കോണ്ഗ്രെസ്സിന്ന് ദയനീയ പരാജയം.








അഹമ്മദാബാദ്∙ ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ജില്ലാ പഞ്ചായത്തുകളും സ്വന്തമാക്കി ബിജെപിയുടെ തേരോട്ടം. 81 നഗരസഭകളിൽ ഭൂരിഭാഗവും 231 ബ്ലോക്ക് പഞ്ചായത്തുകളിൽ 200ൽ ഏറെയും ബിജെപിയുടെ കൈകളിലാണ്. ഒരാഴ്ച മുൻപ് ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ വിജയം കൊയ്തതിന് പിന്നാലെയാണ് ബിജെപി അതേ പ്രകടനം ആവർത്തിച്ചത്.
ഒരു ജില്ലാ പഞ്ചായത്ത് പോലും സ്വന്തമാക്കാനാകാത്ത കോൺഗ്രസിന്റെ താഴെക്കിടയിലെ പാളിച്ച ചൂണ്ടിക്കാണിക്കുന്നതു കൂടിയാണു തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ 31ൽ 24 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്. ഇത്തവണ 31ഉം പിടിച്ചെടുത്തു ബിജെപി കരുത്തുകാട്ടി. ഹാർദിക് പട്ടേൽ‌, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭ പരിപാടികളിൽനിന്ന് നേട്ടമുണ്ടാക്കിയതാണ് 2015ൽ കോൺഗ്രസിന് ഗുണമായത്. എന്നാൽ ഇക്കുറി അതുണ്ടായില്ല.
ബിജെപിക്ക് വമ്പൻ വിജയം സമ്മാനിച്ച ഗ്രാമീണർക്കും കർഷകർക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമാണു തിരഞ്ഞെടുപ്പു വിജയമെന്നും അമിത് ഷാ അവകാശപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രീയയിൽ സംശയമുണ്ടെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചവ്ദ പറഞ്ഞു. ജനങ്ങൾ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും ഇത്തരമൊരു വിജയം ഞെട്ടിക്കുന്നതാണെന്നും അമിത് ചവ്ദ പറഞ്ഞു.
അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വിജയ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്കു മാന്യമായ പ്രകടനം നടത്താൻ സാധിച്ചു. പട്ടിദാർ സമുദായത്തിനു സ്വാധീനമുള്ള സൂറത്തിൽ 27 സീറ്റുകളിൽ എഎപി സ്ഥാനാർഥികൾ ജയിച്ചു കയറി. 2,097 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് 42 ഇടത്താണു ജയിക്കാൻ സാധിച്ചത്.

No comments