JHL

JHL

ഡല്‍ഹി മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പ്; അഞ്ചില്‍ നാല് സീറ്റും നേടി എ.എ.പി; ബിജെപിക്ക് പൂജ്യം

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഞ്ച് മുനിസിപ്പല്‍ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളും നേടി ആം ആദ്മി പാര്‍ട്ടി.

രോഹിണി-സി, ഷാലിമാര്‍ബാഗ് നോര്‍ത്ത്, ചൗഹാന്‍ ബംഗര്‍, കല്യാണ്‍പുരി, ത്രിലോക്പുരി വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.  ചൗഹാന്‍ ബംഗറിലാണ് കോണ്‍ഗ്രസ് ജയിച്ചത്. മറ്റെല്ലായിടത്തും ആം ആദ്മി പാര്‍ട്ടി ജയിച്ചു.

2022-ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്കാണ് ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്ടിരുന്നത്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

2012 മുതല്‍ ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും ബിജെപിക്ക് ജയിക്കാനായില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ നാലെണ്ണം ആം ആദ്മി പാര്‍ട്ടിയുടേതും ഒരെണ്ണം ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി. മികച്ച വിജയം കൈവരിച്ചെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ അവര്‍ക്ക് കീറാമുട്ടിയായിരുന്നു. ഏറെ പിന്നിലായി രണ്ടാംസ്ഥാനമാണ് 2017-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് ലഭിച്ചത്. ബി.ജെ.പി.ക്ക് 181 സീറ്റുകള്‍ ലഭിച്ചപ്പോള്‍ എ.എ.പി.ക്ക് 48-ഉം കോണ്‍ഗ്രസിന് 30 സീറ്റുകളുമാണ് അന്ന് കിട്ടിയത്.


No comments