JHL

JHL

ജില്ലയിൽ വെൻ്റിലേറ്ററുകൾ പ്രവർത്തനസജ്ജമാക്കുക വെൽഫെയർ പാർട്ടി

കാസർകോട് (www.truenewsmalayalam.com) : കോവിഡ് രണ്ടാം തരംഗം ഭീതിതമായ രീതിയിൽ മുന്നോട്ട് പോകുമ്പോൾ ജില്ലയിൽ വെൻ്റിലേറ്റർ സൗകര്യമൊരുക്കാനും ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓക്സിജനില്ലാതെ കഴിഞ്ഞ ദിവസം രോഗികളെ ഡിസ്ചാർജ് ചെയ്ത സംഭവം വലിയ ഭീതിയാണ് ജനങ്ങൾക്കിടയിലുണ്ടാക്കിയത്. കോവിഡ് രോഗിക്ക്  വെൻ്റിലേറ്റർ സൗകര്യമുണ്ടോ എന്നന്വേഷിച്ചവരോട് അനുബന്ധ സംവിധാനങ്ങളില്ലാത്തതിനാൽ വെൻ്റിലേറ്റർ പ്രവർത്തിപ്പിക്കുന്നില്ല എന്ന മെഡിക്കൽ കോളേജ് അധികൃതരുടെ മറുപടിയും വലിയ ചർച്ചയായതാണ്. ജാഗ്രതാ പോർട്ടലുകളിൽ വെൻ്റിലേറ്ററുകളുടെ എണ്ണവും ഒഴിവും കൂടുതൽ കാണിക്കുകയും എന്നാൽ അവ ഉപയോഗപ്രദമല്ല എന്നുള്ളത് ഗൗരവമുള്ള കാര്യമാണ്.
ടാറ്റാകോവിഡ് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും മുഴുവൻ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തണമെന്നും, വെൻ്റിലേറ്റർ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള മറ്റു അനുബന്ധസംവിധാനങ്ങൾ ഒരുക്കണമെന്നും, കൂടുതൽ ഓക്സിജൻ ബെഡുകൾ സ്ഥാപിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
കൊവിഡ് രോഗികൾക്കെല്ലാം മതിയായ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും ജില്ലയിൽ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത അവസ്ഥയാണ്. നിർബന്ധിതാവസ്ഥയിൽ മംഗലാപുരത്ത് കൊണ്ട് പോകേണ്ടി വന്നാൽ അവിടെ സാധാരണക്കാരന് ചികിത്സ ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥയുമാണ്.
ജില്ലയിലെ ആരോഗ്യമേഖലയിൽ സർക്കാർ ഗൗരവത്തിൽ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായ്, സി എച്ച് മുത്തലിബ്, സി എച്ച് ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും സെക്രട്ടറി സഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.

No comments