JHL

JHL

സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ മഹമൂദ് മുസ്ല്യാര്‍ അന്തരിച്ചു


കാസറഗോഡ് (www.truenewsmalayalam.com) : സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ മഹമൂദ് മുസ്ല്യാര്‍ (75) അന്തരിച്ചു.

 ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായിരുന്നു ഇ.കെ മഹമൂദ് മുസ്ലിയാര്‍. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഇ.കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ അംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. നീലേശ്വരം മര്‍ക്കസ് ദഅവാ കോളേജ് രക്ഷാധികാരിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ ഇ.കെ മഹമൂദ് മുസ്ല്യാര്‍ മടക്കര തുരുത്തിയിലായിരുന്നു താമസം.

നീലേശ്വരത്തെ പണ്ഡിത കുടുംബമായ ഇടക്കാവില്‍ കോട്ടയില്‍ മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍, ഇരിങ്ങല്ലൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ കീഴിലായിരുന്നു ആദ്യകാല പഠനം. ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുകയും 1970ല്‍ മൗലവി ഫാസില്‍ ബാഖവി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പിന്നീട് ദയൂബന്ധ് ദാറുല്‍ ഉലൂമിലേക്ക് ഉപരിപഠനത്തിനായി പോയി. 1971ല്‍ ഖാസിമി ബിരുദം നേടി. കണ്ണൂരിലെ പുല്ലക്കൊടി ജുമാമസ്ജിദില്‍ മുദരിസായാണ് മഹമൂദ് മുസ്ല്യാര്‍ അധ്യാപന ജീവിതം ആരംഭിച്ചത്. കണ്ണൂര്‍ കാംബസാര്‍ പള്ളിയില്‍ ഒരു വര്‍ഷം ദര്‍സ് നടത്തി. 1976ല്‍ നീലേശ്വരം ജുമുഅത്ത് പള്ളിയില്‍ ഖതീബും മുദരിസുമായി. 43 വര്‍ഷമായി അവിടെ തുടര്‍ന്നുവരികയായിരുന്നു. 1983 മുതല്‍ നീലേശ്വരം ഖാസിയാണ്. 1994ല്‍ നീലേശ്വരത്ത് മര്‍കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ എന്ന സ്ഥാപനം ആരംഭിച്ചു.

1986 മുതല്‍ സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടും 1996 മുതല്‍ സമസ്ത കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനുമായി. 2018 ലാണ് സമസ്ത കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം.എ ഖാസിം മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.ഐ.സിയുടെ വൈസ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: എ.സി മറിയുമ്മ. മക്കള്‍: ഷരീഫ, മിസ്‌രിയ, അഷ്‌റഫ് (അബുദാബി). മരുമക്കള്‍: റഫീഖ് ഹാജി തുരുത്തി, ഷാദുലി പള്ളിക്കര, ജുവൈരിയ നീലേശ്വരം.

മയ്യത്ത് ഉച്ചയോടെ ചെറുവത്തൂര്‍ തുരുത്തിയിലെ മകളുടെ വസതിയിലെത്തിച്ച ശേഷം നാല് മണിക്ക് നീലേശ്വരം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും


No comments