JHL

JHL

സെഞ്ചുറി അടിച്ച ആവേശത്തിൽ ഹെൽമെറ്റ് ആകാശത്തേക്കുയർത്തി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്(www.truenewsmalayalam.com) : പെട്രോൾ വില 100 കടന്നതിനെ ട്രോളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. സ്കൂട്ടറിനു സമീപം ഹെൽമറ്റ് ആകാശത്തേക്കുയർത്തി സെഞ്ചുറി അടിച്ച ആവേശത്തിൽ നിൽക്കുന്ന ഫോട്ടോയാണ് എംപി സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ‘പെട്രോൾ വിലയിൽ സെഞ്ചുറിയടിച്ചു കേന്ദ്ര സർക്കാർ, സംസ്ഥാന നികുതി കുറയ്ക്കാതെ കേരള സർക്കാർ. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്തു പറയാൻ. ശക്തമായി പ്രതിഷേധിക്കുന്നു.’  ഇതായിരുന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് എംപിയുടെ പോസ്റ്റ്. കേന്ദ്ര സർക്കാരിന്റെ ലക്ഷദ്വീപ് നയങ്ങൾക്കെതിരെ കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കാര്യാലയത്തിനു മുൻപിൽ എംപിമാരുടെ നിൽപ്പു സമരത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു പ്രീമിയം പെട്രോൾ വില സംസ്ഥാനത്തെ ചിലയിടങ്ങളിൽ 100 കടന്നതായി വിവരമറിഞ്ഞത്. ആ സമയത്ത് ഹോട്ടലിനു സമീപത്തെത്തിയിരുന്നു എംപി. ‘സെഞ്ചുറിയടിച്ചല്ലോ’ എന്നു കൂടെയുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി എന്നിവർ പറഞ്ഞപ്പോൾ ഒരു ഹെൽമറ്റ് കിട്ടിയിരുന്നെങ്കിൽ പ്രതിഷേധിക്കാമായിരുന്നെന്നായി എംപി. താമസിക്കുന്ന ഹോട്ടലിൽ ചോദിച്ചപ്പോൾ ഹോട്ടൽ മാനേജറുടെ സ്കൂട്ടർ തന്നെ റെഡി.  വാഹനത്തിനടുത്തു ചെന്ന് ഒരു കയ്യിലെ ഹെൽമെറ്റും മറുകയ്യും മുകളിലേക്കുയർത്തി എംപി ഫോട്ടോയ്ക്കു പോസ് ചെയ്തു. നോയൽ ടോമിൻ ജോസഫ് അതു ഫോണിൽ പകർത്തി. ലക്ഷദ്വീപ് ജനതയോടു കേന്ദ്ര സർക്കാർ കടുത്ത അനീതിയാണു കാണിക്കുന്നതെന്നും അവിടെയുള്ള ജനതയുടെ സംസ്‌കാരത്തെ തകർത്തു കുത്തക കമ്പനികൾക്കു നേട്ടമുണ്ടാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും ഫോർട്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കാര്യാലയത്തിനു നടന്ന പ്രതിഷേധ പരിപാടിയിൽ എംപി പറഞ്ഞു


No comments