JHL

JHL

പുത്തിഗെ അനോടിപ്പള്ളം ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം പിടിക്കണം എ കെ എം അഷ്‌റഫ്‌

 

പുത്തിഗെ(www.truenewsmalayalama.com) : പഞ്ചായത്തിൽ പത്തേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അനോടിപ്പള്ളത്തെ ലോക ടൂറിസംമാപ്പിൽ ഇടം പിടിക്കുന്ന രീതിയിൽ മാറ്റിയെടുക്കുമെന്ന് എ.കെ.എം.അഷറഫ് എം.എൽ.എ. പറഞ്ഞു. പ്രദേശത്ത് പരിസ്ഥിതിദിനത്തിൽ 200 വൃക്ഷത്തൈകൾ നടുന്ന പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി ഫലപ്രാപ്തിയിൽ എത്തുന്നതോടെ മഞ്ചേശ്വരത്ത് എല്ലാവർക്കും ഒന്നിച്ചുചേരാനുള്ള കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആൾവ അധ്യക്ഷനായിരുന്നു. കളക്ടർ ഡോ. ഡി.സജിത്ബാബു, വി.എം.അശോക് കുമാർ, കെ.ബാലകൃഷ്ണ ആചാര്യ, എ.എസ്.സജി, ജയന്തി, കെ.സതീശൻ, സുന്ദരേശൻ എന്നിവർ സംസാരിച്ചു.

സംഭരണശേഷി അഞ്ചുകോടി ലിറ്റർ

ജില്ല നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ജലസംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി പുത്തിഗെ അനോടി പള്ളം അഭിവൃദ്ധിപ്പെടുത്താൻ പദ്ധതി കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. പുത്തിഗെ പഞ്ചായത്തിലെ മുഖാരിക്കണ്ടത്തുള്ള അനോടിപ്പള്ളത്തിന് ഏതാണ്ട് അഞ്ചുകോടി ലിറ്റർ സംഭരണശേഷിയാണുള്ളത്. മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നാശത്തിന്റെ വക്കിലെത്തിയ ഈ പ്രകൃതിദത്ത ജലസംഭരണി മണ്ണുസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ 2018 ഒക്ടോബറിൽ പുറപ്പെടുവിച്ച റിപ്പോർട്ടിൽ കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ മണ്ണിനടിയിൽ ജലലഭ്യത വളരെ കുറയുന്നുവെന്നും 97.8 ശതമാനത്തോളം അത് നഷ്ടമായി കഴിഞ്ഞെന്നുമുള്ള വിവരം കിട്ടി. തുടർന്ന്‌ രണ്ടുവർഷത്തെ കഠിനശ്രമങ്ങൾക്കൊടുവിൽ ജലലഭ്യത 95 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞുവെന്ന് കഴിഞ്ഞദിവസം വന്ന റിപ്പോർട്ടിലുണ്ട്.

പള്ളത്തിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നവീകരണത്തിന്റെ ഭാഗമായി നീക്കംചെയ്തുതുടങ്ങി. ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കും. ഇതിന്റെ ആദ്യ പടിയായാണ് 200 വൃക്ഷത്തൈകൾ നട്ടത്. കാസർകോട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് പദ്ധതിക്കായി തുക ലഭ്യമാക്കിയത്. സാമൂഹികപ്രതിബദ്ധതാനിധിയിൽനിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പള്ളം നവീകരണത്തിലൂടെ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കുള്ള ജലസേചനസൗകര്യം വർധിപ്പിക്കുന്നതിനും സാധിക്കും.


No comments