JHL

JHL

ക്രിസ്റ്റീയാനോ റൊണാൾഡോ കോളക്കുപ്പി നീക്കി : കൊക്കക്കോളക്ക് നഷ്ടം നാനൂറു കോടി.

 

ലണ്ടൻ(www.truenewsmalayalam.com) : ക്രിസ്റ്റിയാനോ റൊണാൾഡോ രണ്ട് കോളക്കുപ്പികൾ ഒന്ന് നീക്കിയതേയുള്ളൂ, അതുവഴി കൊക്കകോള എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാൾഡോ ഒഴുക്കിക്കളഞ്ഞത് നാനൂറ് കോടി യുഎസ് ഡോളര്‍, ഏകദേശം 29000 കോടി ഇന്ത്യൻ രൂപ. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പവർ എന്താണ് എന്ന് തെളിഞ്ഞ ദിനമാണ് കടന്നു പോയത്. യൂറോ കപ്പിന്റെ ആരവങ്ങൾ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന വേളയിലാണ് ക്രിസ്റ്റ്യാനോയും കോളയും വാർത്തയിൽ നിറഞ്ഞത്. ഒരുപക്ഷേ, ആദ്യ കളിയിൽ പോർച്ചുഗീസ് നായകൻ നേടിയ ഇരട്ടഗോളുകൾ പോലും കോളയിൽ വഴുതി വീണു. തിങ്കളാഴ്ച യൂറോപ്യൻ സ്റ്റോക് എക്‌സ്‌ചേഞ്ച് ആരംഭിക്കുമ്പോൾ കോളയുടെ ഓഹരി മൂല്യം 56 യുഎസ് ഡോളറായിരുന്നു. വ്യാപാരം ആരംഭിച്ച് അരമണിക്കൂറിന് ഉള്ളിൽ മൂല്യം 55.22 ഡോളറിലേക്ക് ചുരുങ്ങി. ഓഹരിയിൽ 1.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യണിലേക്ക് ചുരുങ്ങി. നഷ്ടം നാല് ബില്യൺ ഡോളർ.


കോളയുടെ ഓഹരി മൂല്യത്തിൽ ഇടിവു തുടരുന്ന പ്രവണതയാണ് വിപണിയുടെ ആദ്യ മണിക്കൂറുകളിലുള്ളത്. ചൊവ്വാഴ്ച വിപണിയുടെ തുടക്കത്തില്‍ 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത് എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. കോളയ്ക്ക് പുറമേ കൊക്കകോള ബോട്ട്‌ലിങ്ങിന്റെ ഓഹരിയിലും ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച മൊത്തം എട്ടു ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കോക്കകോള യൂറോപ്യൻ പാട്‌ണേഴ്‌സിന്റെ ഓഹരിയിൽ 0.8 ശതമാനം വർധനയുണ്ടായി. 1919 മുതലാണ് ജോർജിയ ആസ്ഥാനമായ അമേരിക്കൻ ബഹുരാഷ്ട്ര ബീവറേജ് കോർപറേഷനായ കൊക്കകോള ന്യൂയോർക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നത്. നാൽപ്പത് ഡോളറായിരുന്നു ഓഹരിയൊന്നിന്റെ വില.


ജൂൺ അഞ്ചിന് രാത്രി ബുഡാപെസ്റ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോളയുടെ കുപ്പികൾ നീക്കി ക്രിസ്റ്റ്യാനോ, വെള്ളക്കുപ്പി ഉയർത്തിക്കാട്ടി അഗ്വ എന്നാണ് പറഞ്ഞത്. സ്പാനിഷിൽ അഗ്വ എന്നാണ് വെള്ളത്തിന് പറയുന്നത്. അതിനിടെ, വാർത്താ സമ്മേളനത്തിൽ താരങ്ങൾക്ക് കോളയ്ക്ക് ഒപ്പം വെള്ളവും നൽകാറുണ്ടെന്ന് യൂറോ കപ്പ് വക്താവ് പറഞ്ഞു. ഏതു കുടിക്കണം എന്നു തെരഞ്ഞെടുക്കുന്നത് കളിക്കാരന്റെ മുൻഗണനയാണ് എന്നും വക്താവ് കൂട്ടിച്ചേർത്തു.


റൊണോൾഡോ്ക്ക് പിന്നാലെ വാർത്താ സമ്മേളനത്തിൽ മുമ്പിലിരുന്ന ബിയർ കുപ്പി എടുത്തുമാറ്റിയ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ നടപടിയും വാർത്തയായി. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുന്നിലുള്ള ഹെനേകൻ കമ്പനിയുടെ ബിയർ കുപ്പി പോഗ്ബോ എടുത്തു മാറ്റിയത്. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ് ഹെനേകൻ. പോഗ്ബയ്ക്ക് മുമ്പിൽ കോളയുടെ രണ്ട് കുപ്പികളും ഒരു ബിയർ കുപ്പിയും ഒരു വെള്ളക്കുപ്പിയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ബിയർ കുപ്പിയെടുത്ത് അദ്ദേഹം താഴേക്കു വയ്ക്കുകയായിരുന്നു. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാറില്ല. ടീമിന്റെ ഷാംപയിൻ ആഘോഷങ്ങൽലും പങ്കുചേരാറില്ല. 2019ലാണ് പോഗ്ബ ഇസ്ലാം സ്വീകരിച്ചത്.


No comments