JHL

JHL

ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ കരകയറ്റാൻ പ്രത്യേക പാക്കേജ് അനുവദിക്കണം - അഷ്റഫ്കർള

കുമ്പള(www.truenewsmalayalam.com) : ട്രോളിംഗ് നിരോധനവും ലോക്ക് ഡൗണും കൊണ്ട് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ കരകയറ്റാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള കേരള ഫിഷറീസ് മന്ത്രിക്ക്  നിവേദനം നൽകി.    

ലോക് ഡൗൺ നീട്ടിയതിന്റെ  പശ്ചാത്തലത്തിലാണ് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. ഈ  ദുരിതകാലത്ത് ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക്  വിലക്ക് ബാധകമല്ല എങ്കിലും സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ ഇവർക്കും ഏറെ പിടിച്ചുനിൽക്കാനാവില്ല.   ഓരോ സീസണിലും ലക്ഷങ്ങൾ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. പണം ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യാതെ നിരവധി ബോട്ടുകൾ കട്ടപ്പുറത്താണുള്ളത്. ഇനിയും പണി ഇല്ലാതായാൽ കൂടുതൽ ദുരിതത്തിൽ ആകും എന്നാണ് ബോട്ട് ഉടമകൾ പറയുന്നത്. 

       ബോട്ടിൽ പോകുന്ന തൊഴിലാളികൾക്ക് മാത്രമല്ല, അനുബന്ധ ജോലികൾ ചെയ്യുന്നവരും ദുരിതമനുഭവിക്കുകയാണ്. ഒരു ഭാഗത്ത് കോവിഡ് പ്രതിസന്ധിയും മറുഭാഗത്ത് ഡീസൽവില കുത്തനെകൂടിയതും പരമ്പരാഗത മത്സ്യതൊഴിൽ മേഖലയെ തകർത്തിരിക്കുകയാണ്.   

       കാസർകോട് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലയായ കോയിപ്പാടി കടപ്പുറം,  ആരിക്കാടി കടവത്ത്,  ബങ്കരമഞ്ചേശ്വരം ഹോസബെട്ടു കടപ്പുറം എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് മൽസ്യ ത്തൊഴിലാളികളും കുടുംബങ്ങളുമാണ് മുഴു പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.

   അതിനിടെ ഓൺലൈൻ പഠനത്തിനുള്ള സംവിധാനങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാർത്ഥികളും ഈ കുടുംബങ്ങളിൽ ഉണ്ട്. ഈ കുടുംബങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു.


No comments