JHL

JHL

വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിൽ ബേക്കൽകോട്ടയും.

കാസർകോട്(www.truenewsmalayalam.com) : വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിലുൾപ്പെട്ട രാജ്യത്തെ 44 പ്രദേശങ്ങളിൽ ബേക്കൽകോട്ടയും. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മാത്രമാണ് ബേക്കലിനു പുറമേ സംസ്ഥാനത്തു നിന്ന് പട്ടികയിൽ ഇടംപിടിച്ചത്. വിനോദ സഞ്ചാര മേഖലയുടെ ആഭ്യന്തര, രാജ്യാന്തര വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനും തൊഴിൽ നേടാനും തദ്ദേശീയരായ ആളുകൾക്ക് ഈ പദ്ധതിയിൽ പരിശീലനമൊരുക്കും.

ദേശീയ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പാക്കേണ്ടത്. കേന്ദ്രം സാമ്പത്തികസഹായം അനുവദിക്കും. സംരംഭകത്വം, ഡ്രൈവിങ്, ഷോപ്പ് കീപ്പർ, ഗൈഡ്, ഫ്രണ്ട് ഓഫിസ് അസോസിയേറ്റ്സ് തുടങ്ങിയവയ്ക്കായി പരിശീലനവും നടത്തും.

സ്വദേശ് ദർശൻ, പ്രസാദ് എന്നീ പദ്ധതികളിലൂടെ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന വകുപ്പുകളുടെ നിർദേശാനുസരണം ഫണ്ടും നൽകുമെന്നാണു സൂചന. ചരിത്രപരമായി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവൽക്കരണവും പരിശീലനവും നൽകും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിശദമായ പദ്ധതിരേഖ സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതനുസരിച്ച് ഫണ്ട് അനുവദിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും.





No comments