ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.
പത്ത് ദിവസം മുമ്പാണ് ഇയാളെ മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കാസര്‍കോട് റെയില്‍വെ എസ്.ഐ വി.എന്‍ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിയാരം ആസ്പത്രിയില്‍ എത്തി.
ഒക്ടോബര്‍ 25ന് രാത്രിയാണ് അജ്ഞാതനായ യുവാവിനെ ട്രെയിനിന്റെ മുന്‍വശത്ത് അംഗപരിമിതര്‍ക്കായി നീക്കിവെച്ച കംപാര്‍ട്ട്മെന്റിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറിയ സ്ത്രീകളാണ് യുവാവിനെ കണ്ടത്. ഈ കമ്പാര്‍ട്ടുമെന്റില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.സ്ത്രീകള്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി യുവാവിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
യുവാവിന്റെ തലയുടെ പിന്‍ഭാഗത്തും മുഖത്തും വയറിനും മുറിവേറ്റതായി കണ്ടതിനാല്‍ ട്രെയിനില്‍ വീണ് പരിക്കേറ്റതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനിടെ യുവാവിനെ തിരിച്ചറിയാനായി പൊലീസ് പല വഴിക്കും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞങ്ങാട്ടെത്തുന്നതിന് മുമ്പ് യുവാവിനെ ആരെങ്കിലും അക്രമിച്ചതാകാമെന്നാണ് റെയില്‍വെ പൊലീസിന്റെ നിഗമനം. ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
Post a Comment